പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്; പ്രതീക്ഷയില്‍ മുന്നണികള്‍
നരേന്ദ്രമോദി, സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, സീതാറാം യെച്ചൂരി അയല്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ എന്നിവരും വരും ദിവസങ്ങളില്‍ സംസ്ഥാനത്തിറങ്ങും.
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം കഴിഞ്ഞതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണം മൂന്നാം ഘട്ടത്തിലേക്ക് കടന്നു. രണ്ട് ഘട്ടങ്ങളിലായി വോട്ടുപിടുത്തം കഴിഞ്ഞതോടെ ഇരുമുന്നണികളും പ്രതീക്ഷയിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി കൂടി എത്തുന്നതോടെ മുന്നേറ്റം ഉണ്ടാക്കാനാകുമെന്ന് ബിജെപിയും കണക്ക് കൂട്ടുന്നു.
അവസാന ലാപ്പിലെത്തുമ്പോള്‍ പ്രചരണ വിഷയങ്ങളും മാറുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും തമ്മിലുള്ള പോര് കോടതിയില്‍ എത്തിയതായിരിക്കും ഇനിയുള്ള ദിവസത്തെ പ്രധാന ചര്‍ച്ചകളിലൊന്ന്. യുഡിഎഫ്-ബിജെപി രഹസ്യബന്ധമെന്ന ആരോപണത്തില്‍ കേന്ദ്രീകരിക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനം. ഇത് വഴി ന്യൂനപക്ഷവോട്ടുകള്‍ പെട്ടിയിലാക്കാമെന്ന് കണക്ക്കൂട്ടുന്നു. സിപിഎമ്മിന്റേത് അക്രമ രാഷ്ട്രീയമാണന്ന് സ്ഥാപിക്കാന്‍ നാദാപുരത്തെ ബോംബ് സ്ഫോടനം യുഡിഎഫ് പരമാവധി ഉപയോഗിക്കും.
പല മണ്ഡലങ്ങളിലും പ്രവചനാതീതമായ മത്സരമാണ് നടക്കുന്നത്. ബിജിപി-ബിഡിജെഎസ് സംഖ്യം ആരുടെ വോട്ടാണ് കവരുകയെന്ന ആശങ്ക ഇരുമുന്നണികള്‍ക്കും ഉണ്ട്. നരേന്ദ്രമോദി, സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, അയല്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ എന്നിവരും വരും ദിവസങ്ങളില്‍ സംസ്ഥാനത്തിറങ്ങും.
തെരെഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നെത്തും. ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ഉച്ചക്ക് 2.30 എറണാകുളം പ്രസ്സ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം സംസാരിക്കും. 4 മണിക്ക് പറവൂരില്‍ സി പി ഐ സ്ഥാനാര്‍ത്ഥി ശാരദ മോഹനന് വേണ്ടിയും അഞ്ചിന് വൈപ്പിനില്‍ എസ് ശര്‍മ്മക്ക് വേണ്ടിയും ആറ് മണിക്ക് വൈറ്റിലയില്‍ ഡോക്ടര്‍ സെബാസ്റ്റ്യന്‍ പോളിന് വേണ്ടിയും സീതാറാം യെച്ചൂരി പ്രചാരണം നടത്തും.