പാളത്തില്‍ 202 ഇടങ്ങളില്‍ വിള്ളലുണ്ടെന്ന റിപ്പോര്‍ട്ട് റെയില്‍വെ അവഗണിച്ചു
202 സ്ഥലങ്ങളില്‍ വിള്ളലുണ്ടെന്നും 100 കിലോമീറ്റര്‍ പാളം മാറ്റാതെ ഇത് പരിഹരിക്കാന്‍ കഴിയില്ലെന്നും സതേണ്‍ റെയില്‍വേ എഞ്ചിനീയേഴ്സ് അസോസിയേഷന്‍
തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള ഭാഗത്ത് റെയില്‍ പാളത്തില്‍ 202 സ്ഥലത്ത് ഗുരുതരമായ വിള്ളലുണ്ടെന്ന് റെയില്‍വെ എഞ്ചിനീയര്‍മാരുടെ വെളിപ്പെടുത്തല്‍. കറുകുറ്റിയിലെ അപകടമുണ്ടായ സ്ഥലമടക്കമുള്ള ഇടങ്ങളിലാണ് വിള്ളല്‍. അടിയന്തരമായി പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ദുരന്തങ്ങളുണ്ടാവുമെന്ന മുന്നറിയിപ്പ് റെയില്‍വെ അവഗണിച്ചു.
തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള ഭാഗത്ത് കറുകുറ്റിയില്‍ അപകടം നടന്ന സ്ഥലമടക്കം 202 ഇടങ്ങളില്‍ അടിയന്തരമായി പരിഹരിക്കേണ്ട പൊട്ടലുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്‍. ഇമ്മീഡിയിറ്റ് റിമൂവല്‍ വിത്തിന്‍ ത്രീ ഡെയ്സ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ദിവസത്തിനകം വിള്ളലുകള്‍ പരിഹരിക്കണമെന്ന് അര്‍ത്ഥം. അല്ലാത്തപക്ഷം വലിയ ദുരന്തങ്ങളുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. ഈ മാസം പത്താം തിയ്യതിയാണ് ഈ മുന്നറിയിപ്പ് ഉദ്യേഗസ്ഥര്‍ റെയില്‍വെക്ക് നല്‍കിയത്. 150 കിലോമീറ്റര്‍ നീളത്തില്‍ പാളം മാറ്റി സ്ഥാപിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. പക്ഷെ ഇതിനുള്ള സംവിധാനമില്ല എന്നായിരുന്നു റെയില്‍വെയുടെ നിലപാട്. അപകടങ്ങള്‍ ഒഴിവാക്കാന്‍ ട്രെയിനുകള്‍ ഈ സ്ഥലങ്ങളില്‍ വേഗത കുറക്കണമെന്നാണ് തുടര്‍ന്ന് റെയില്‍വെ നിര്‍ദ്ദേശം നല്‍കിയത്. പക്ഷെ ജനങ്ങളുടെ ജീവന് പോലും വില കല്‍പിക്കാതെ ഈ നിര്‍ദ്ദേശവും പിന്നീട് പിന്‍വലിച്ചു. ട്രെയിനുകള്‍ വൈകാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് ഇത്.
കറുകുറ്റിയിലെ അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്തിരുന്നു. ഉദ്യോഗസ്ഥരെ ബലിയാടാക്കി റെയില്‍വെ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന ആക്ഷേപം ശക്തമായപ്പോഴാണ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നത്.