സജിത മഠത്തിലിന്റെ 'കാളി നാടകം' അരങ്ങിലെത്തുന്നു
ദാരികാവധത്തെ അടിസ്ഥാനമാക്കി സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളാണ് നാടകം ചര്‍ച്ച ചെയ്യുന്നത്.
സിനിമാ താരം സജിത മഠത്തില്‍ രചന നിര്‍വഹിച്ച് പ്രധാന വേഷത്തിലെത്തുന്ന 'കാളി നാടകം' അരങ്ങിലെത്തുന്നു. ദാരികാവധത്തെ അടിസ്ഥാനമാക്കി സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളാണ് നാടകം ചര്‍ച്ച ചെയ്യുന്നത്. ഫോര്‍ട്ട് കൊച്ചി പെപ്പര്‍ ഹൌസായിരിക്കും നാടകത്തിന് വേദിയാകുക.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കാളിയെയും ദാരികനെയും അരങ്ങിലെത്തിക്കുകയാണ് സജിത മഠത്തലിന്റെ കാളി നാടകം. വലിയന്നൂര്‍ കാവിന്റെ മുറ്റത്ത് 51 വര്‍ഷങ്ങള്‍ക്ക് ശേഷം കാളി നാടകം അരങ്ങേറുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് നാടകത്തിന്റെ പ്രമേയം. പൊതുസമൂഹത്തിന്റെയും നിയമജ്ഞരുടെയും, മാധ്യമങ്ങളുടെയും വീക്ഷണകോണിലൂടെയാണ് നാടകം പുരോഗമിക്കുന്നത്.
ലോകധര്‍മ്മി അവതരിപ്പിച്ച് ചെന്നൈ ഫിലിം ഫാക്ടറി നിര്‍മിക്കുന്ന നാടകം സംവിധാനം ചെയ്യുന്നത് ചന്ദ്രദാസനാണ്. പാരീസ് ചന്ദ്രനാണ് നാടകത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സംഗീത സംഘത്തിന് നേതൃത്വം നല്‍കുന്ന പിന്നണി ഗായിക രശ്മി സതീഷും നാടകത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
ആഗസ്ത് 19, 20, 21 തീയതികളില്‍ ഫോര്‍ട്ട് കൊച്ചിയിലെ പെപ്പര്‍ ഹൌസിലായിരിക്കും നാടകം അവതരിപ്പിക്കുക.