എം.പി വീരേന്ദ്രകുമാറിനും എം.വി ശ്രേയാംസ്കുമാറിനുമെതിരെ ത്വരിത പരിശോധനക്ക് വിജിലന്‍സ് ഉത്തരവ്

Update: 2018-05-17 22:23 GMT
Editor : Subin
എം.പി വീരേന്ദ്രകുമാറിനും എം.വി ശ്രേയാംസ്കുമാറിനുമെതിരെ ത്വരിത പരിശോധനക്ക് വിജിലന്‍സ് ഉത്തരവ്
Advertising

വയനാട്ടില്‍ ആദിവാസികള്‍ക്കായി നീക്കിവെച്ച ഭൂമി നിയമവിരുദ്ധമായി കയ്യെറിയെന്നും വില്‍പന നടത്തിയെന്നുമുളള പരാതിയിലാണ് കോടതിയുടെ നടപടി.

Full View

എം.പി വീരേന്ദ്രകുമാറിനും മകന്‍ എം.വി ശ്രേയാംസ്കുമാറിനുമെതിരെ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. വയനാട്ടില്‍ ആദിവാസികള്‍ക്കായി നീക്കിവെച്ച ഭൂമി നിയമവിരുദ്ധമായി കയ്യെറിയെന്നും വില്‍പന നടത്തിയെന്നുമുളള പരാതിയിലാണ് കോടതിയുടെ നടപടി. ഒരുമാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വയനാട് വിജിലന്‍സ് ഡി.വൈ.എസ്.പിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

വയനാട്ടിലെ ആദിവാസികള്‍ക്കായി സര്‍ക്കാര്‍ നീക്കിവെച്ച ഭൂമി അനധികൃതമായി കൈവശം വെച്ചുവെന്നും കൃത്രിമ രേഖകള്‍ ചമച്ച് വില്‍പന നടത്തിയെന്നും ആരോപിച്ച് പാലാരിവട്ടം സ്വദേശി പി.രാജന്‍ നല്‍കിയ പരാതിയിലാണ് വീരേന്ദ്രകുമാറിനും മകന്‍ ശ്രേയാംസ്കുമാറിനുമെതിരെ അന്വേഷണം നടത്താന്‍ തലശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടത്. കൃഷ്ണഗിരി വില്ലേജിലെ മലന്തോട്ടം പ്ലാന്റേഷനില്‍ ഉള്‍പ്പെട്ട 135.14 ഏക്കര്‍ ഭൂമി വീരേന്ദ്രകുമാറും മകനും വര്‍ഷ‍ങ്ങളായി കൈവശം വെച്ചിരിക്കുകയാണന്നും ഇതില്‍ ഉള്‍പ്പെട്ട 54.05 ഏക്കര്‍ ഭൂമി അനധികൃതമായി വില്‍പ്പന നടത്തിയെന്നുമായിരുന്നു പരാതി.

1988ല്‍ വയനാട് സബ് കലക്ടര്‍ നടത്തിയ അന്വേക്ഷണത്തില്‍ ഇത് ശരിയാണന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 1991 ജനുവരിയില്‍ അന്നത്തെ വയനാട് കലക്ടര്‍ അന്നത്തെ റവന്യൂ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഭൂമി പിടിച്ചെടുക്കണമെന്നും ഇത് സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയതായും പരാതിക്കാരന്‍ കോടതിയെ അറിയിച്ചു. പരാതി ഫയലില്‍ സ്വീകരിച്ച കോടതി ഒരു മാസത്തിനകം അന്വേക്ഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുളളത്. വയനാട് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News