കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

Update: 2018-05-18 09:10 GMT
Editor : Sithara
Advertising

കോഴിക്കോട് മെഡിക്കല്‍ കോളജിന്‍റെ പേരില്‍ വ്യാജ ലെറ്റര്‍ പാഡ് നിര്‍മിച്ച് എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്.

കോഴിക്കോട് മെഡിക്കല്‍ കോളജിന്‍റെ പേരില്‍ വ്യാജ ലെറ്റര്‍ പാഡ് നിര്‍മിച്ച് എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. ജമ്മു കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്ത സീറ്റിന്റെ മറവിലാണ് തട്ടിപ്പ് നടന്നത്.

Full View

ജമ്മു കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് സംവരണം ചെയ്ത കോഴിക്കോട് മെഡിക്കല്‍ കോളജിലെ സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്. ഈ സീറ്റ് ജനറല്‍ വിഭാഗത്തിലേക്ക് മാറ്റിയതിനാല്‍ ഈ സീറ്റിന് അര്‍ഹത നേടിയതായി കാണിച്ച് എംബിബിഎസ് പ്രവേശ പട്ടികയില്‍ ഇടം നേടിയ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ കാര്‍ഡ് അയച്ചാണ് തട്ടിപ്പ് നടത്തിയത്. ബോണ്ടും കോഷന്‍ ഡിപ്പോസിറ്റുമായി മൂന്ന് ലക്ഷം രൂപ നല്‍കിയാല്‍ സീറ്റിന് അര്‍ഹതയുണ്ടെന്നാണ് അഡ്മിഷന്‍ കാര്‍ഡില്‍ പറയുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചക്ക് മുന്‍പായി ഈ തുക ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന് കീഴിലെ സെന്‍റര്‍ പൂള്‍ അക്കൌണ്ട്സ് വിഭാഗം ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൌണ്ടിലേക്ക് അയക്കാനാണ് പ്രവേശ ഉത്തരവില്‍ പറഞ്ഞത്. റഗുലര്‍ ഫീസും ഹോസ്റ്റല്‍ ഫീസുമായി 83500 രൂപ കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പേരില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയി പ്രവേശന സമയത്ത് നല്‍കണമെന്നും പ്രവേശന ഉത്തരവില്‍ പറയുന്നു.

പണമടച്ച് ഇന്ന് രാവിലെ എംബിബിഎസിന് ചേരാനായി കോളജിലെത്തിയപ്പോഴാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും തട്ടിപ്പിനിരയായ വിവരമറിയുന്നത്. തട്ടിപ്പിനിരയായവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും താമസ സ്ഥലത്തിനടുത്ത സ്റ്റേഷനില്‍ പരാതി നല്‍കാനാണ് പൊലീസ് നല്‍കിയ നിര്‍ദേശം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News