തോമസ്ചാണ്ടിയുടെ റിസോർട്ടുമായി ബന്ധപ്പെട്ട ഫയലുകൾ കാണാനില്ല: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
മന്ത്രി തോമസ്ചാണ്ടിയുടെ റിസോർട്ടുമായി ബന്ധപ്പെട്ട ഫയലുകൾ അലപ്പുഴ നഗരസഭയിൽ നിന്നും കാണാതായ സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി.
മന്ത്രി തോമസ്ചാണ്ടിയുടെ റിസോർട്ടുമായി ബന്ധപ്പെട്ട ഫയലുകൾ അലപ്പുഴ നഗരസഭയിൽ നിന്നും കാണാതായ സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി. നാല് ഉദ്യോഗസ്ഥരെയും നിലവിലെ ചുമതലകളില്‍ നിന്ന് മാറ്റി. ഫയലുകള്‍ കാണാതായ സംഭവത്തില്‍ സംസ്ഥാന നഗരകാര്യ സെക്രട്ടറി ആലപ്പുഴ നഗരസഭയോട് വിശദീകരണം തേടി.
ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ ഭൂമി കയ്യേറ്റ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ റിസോര്‍ട്ടുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാന്‍ ആലപ്പുഴ നഗരസഭ തീരുമാനിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഇതുമായി ബന്ധപ്പെട്ട നാല് ഫയലുകള്‍ കാണാതായിട്ടുണ്ടെന്ന് വ്യക്തമായത്. ഇതില്‍ 18 കെട്ടിടങ്ങളുടെ രേഖകള്‍ അടങ്ങിയ ഒരു ഫയല്‍ കഴിഞ്ഞ ദിവസം തിരിച്ചു കിട്ടിയിരുന്നു. എന്നാല്‍ ആധാരങ്ങളുടെ പകര്‍പ്പും കരമടച്ച രശീതികളുടെ പകര്‍പ്പും ഇതില്‍ നിന്ന് കാണാതായിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് എഞ്ചിനീയറിംങ് വിഭാഗത്തിലെ രണ്ട് സുപ്രണ്ടുമാര്‍ക്കും രണ്ട് ക്ലർക്കുമാർക്കുമെതിരെ നടപടിയെടുത്തത്.
എഞ്ചിനീയര്‍മാരെ പരസ്പരം ചുമതലകളിൽ നിന്നും മാറ്റി. ക്ലർക്കുമാരെ ആസൂത്രണ വിഭാഗത്തിലേക്കാണ് മാറ്റിയത്. സംസ്ഥാന നഗരകാര്യ സെക്രട്ടറി സംഭവത്തെ കുറിച്ച് നഗരസഭയോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് നടപടിയെന്ന് നഗരസഭ ചെയർമാൻ തോമസ് ജോസഫ് കൗൺസിൽ യോഗത്തിൽ അറിയിച്ചു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ നഗരസഭാ കൌണ്‍സിലിന്റെ അടിയന്തര യോഗം വെള്ളിയാഴ്ച ചേരും.