പുതിയ സര്‍ക്കാര്‍ എല്ലാവര്‍ക്കും നീതി ഉറപ്പാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി
ഭരണകൂടങ്ങള്‍ ഏതെങ്കിലും വിഭാഗത്തിന്റേതല്ല, മുഴുവന്‍ ജനങ്ങളുടേതുമായിരിക്കണം.
എല്ലാവര്‍ക്കും നീതി ഉറപ്പാക്കും വിധമാകണം പുതുതായി അധികാരമേല്‍ക്കുന്ന സംസ്ഥാന സര്‍ക്കാറുകളുടെ ഭരണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അധ്യക്ഷന്‍ ജലാലുദ്ദീന്‍ അന്‍സ്വര്‍ ഉമരി. ജമാഅത്തെ ഇസ്ലാമിയുടെ അഖിലേന്ത്യാ നേതാക്കള്‍ക്ക് മലപ്പുറത്ത് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് പ്രകടനപത്രികകളിലെ വാഗ്ദാനം പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ജനങ്ങള്‍ക്ക് സാധിക്കണമെന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ ജലാലുദ്ദീന്‍ അന്‍സ്വര്‍ ഉമരി പറഞ്ഞു. ഭരണകൂടങ്ങള്‍ ഏതെങ്കിലും വിഭാഗത്തിന്റേതല്ല, മുഴുവന്‍ ജനങ്ങളുടേതുമായിരിക്കണം. പിന്നോക്കവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി എല്ലാവര്‍ക്കും നീതി ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലാപ രാഷ്ട്രീയത്തിലൂടെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായി മാറാന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നുവെന്നതിന് തെളിവാണ് തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമസംഭവങ്ങളെന്നും ഇതിനെ നിയമപരമായി നേരിടാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയണമെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ എം ഐ അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു.
അഖിലേന്ത്യാ നേതാക്കളായ എഞ്ചിനീയര്‍ മുഹമ്മദ് സലീം, ടി ആരിഫലി തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ഘടകമാണ് നേതാക്കള്‍ക്ക് സ്വീകരണമൊരുക്കിയത്.