മെത്രാന്‍ കായല്‍, കടമക്കുടി നിലം നികത്താനുള്ള ഉത്തരവ് പിന്‍വലിച്ചു

Update: 2018-05-23 13:34 GMT
Editor : admin
മെത്രാന്‍ കായല്‍, കടമക്കുടി നിലം നികത്താനുള്ള ഉത്തരവ് പിന്‍വലിച്ചു
Advertising

വിവാദമായ മെത്രാന്‍ കായല്‍, കടമക്കുടി നിലം നികത്തല്‍ ഉത്തരവ് പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Full View

വിവാദമായ മെത്രാന്‍ കായല്‍, കടമക്കുടി നിലം നികത്തല്‍ ഉത്തരവ് പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉത്തരവിനെതിരെ പരിസ്ഥിതി വാദികളും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്കകത്ത് നിന്നു കൂടി പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഉത്തരവ് പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. മെത്രാന്‍ കായലില്‍ 378 ഏക്കറും കടമക്കുടിയില്‍ 47 ഏക്കറും നികത്താന്‍ അനുമതി നല്കിയായിരുന്നു സര്‍ക്കാറിന്റെ ഉത്തരവ്.

നിയമപരമായി നിലനില്‍ക്കാത്ത ഉത്തരവ് സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഉത്തരവുകള്‍ പിന്‍വലിക്കണമെന്ന പൊതുഅഭിപ്രായം മന്ത്രിസഭയില്‍ രൂപപ്പെടുകയായിരുന്നു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം, പരിസ്ഥിതി നിയമം എന്നിവയുടെ ലംഘനമാണ് ഉത്തരവെന്നും മന്ത്രിസഭായോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

കോട്ടയം ജില്ലയിലെ കുമരകം വില്ലേജിലെ മെത്രാന്‍ കായലില്‍ 378 ഏക്കര്‍ നിലം സ്വകാര്യ ടൂറിസം പദ്ധതിക്കായി നികത്താന്‍ അനുമതി നല്‍കികൊണ്ടുള്ളതായിരുന്നു ഒന്നാമത്തെ ഉത്തരവ്. റാകിന്‍ഡോ ഡെവലപേഴ്സ് എന്ന സ്വകാര്യ കമ്പനിയുടെ ആവശ്യം പരിഗണിച്ചായിരുന്നു നടപടി. കടമക്കുടിയില്‍ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്കായി 47 ഏക്കര്‍ നിലം നികത്താന്‍ അനുമതി നല്കുന്നതായിരുന്നു രണ്ടാമത്തെ ഉത്തരവ്.

ഉത്തരവിറങ്ങിയ വാര്‍ത്ത പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായി. പ്രതിപക്ഷവും പരിസ്ഥിതി പ്രവര്‍ത്തകരും ഉത്തരവ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. ഉത്തരവ് പിന്‍വലിക്കണമെന്ന നിലപാടുമായി കെപിസിസി പ്രസിഡണ്ട് വി എം സുധീരന് രംഗത്ത് വന്നതോടെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. തുടര്‍ന്നാണ് ഉത്തരവ് പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News