ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവം

Update: 2018-05-24 14:03 GMT
Editor : Sithara
ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവം
Advertising

പി സി വിഷ്ണുനാഥിനും പി എസ് ശ്രീധരന്‍ പിളളയ്ക്കും കൂടുതല്‍ സാദ്ധ്യത കല്‍പിക്കപ്പെടുമ്പോള്‍ സിപിഎമ്മില്‍ നിന്ന് നിരവധി പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ വിവിധ മുന്നണികളുടെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവം. എന്നാല്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതികരണം. പി സി വിഷ്ണുനാഥിനും പി എസ് ശ്രീധരന്‍ പിളളയ്ക്കും കൂടുതല്‍ സാദ്ധ്യത കല്‍പിക്കപ്പെടുമ്പോള്‍ സിപിഎമ്മില്‍ നിന്ന് നിരവധി പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

Full View

എംഎല്‍എയായിരുന്ന കെ കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥികള്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ വിവിധ പാര്‍ട്ടികളുടെ നേതാക്കളാരും ഇതുവരെ മനസ്സു തുറന്നിട്ടില്ല. എങ്കിലും നിലവിലുള്ള സാദ്ധ്യതകള്‍ പരിശോധിച്ച് സ്ഥാനാര്‍ത്ഥികള്‍ ആരായിരിക്കുമെന്ന് വിലയിരുത്തുന്ന ചര്‍ച്ചകള്‍ ചൂടുപിടിച്ചു കഴിഞ്ഞു. സിറ്റിങ്ങ് മണ്ഡലത്തില്‍ സിപിഎമ്മിന്റേതായി പറഞ്ഞു കേള്‍ക്കുന്ന പേരുകളില്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാ‍നും സി എസ് സുജാതയും മുതല്‍ ചലച്ചിത്ര നടി മഞ്ജു വാര്യര്‍ വരെയുണ്ട്. പക്ഷേ സംസ്ഥാന സമ്മേളനം കഴിഞ്ഞതിന് ശേഷം മാത്രമേ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കൂ എന്നാണ് സിപിഎം നേതൃത്വം പറയുന്നത്. സ്ഥാനാര്‍ത്ഥി ആരായാലും മണ്ഡലം നിലനിര്‍ത്തുമെന്നും സിപിഎം അവകാശപ്പെടുന്നു.

കോണ്‍ഗ്രസില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാമചന്ദ്രന്‍ നായരോട് പരാജയപ്പെട്ട മുന്‍ എംഎല്‍എ പി സി വിഷ്ണുനാഥിനാണ് ഏറ്റവും കൂടുതല്‍ സാദ്ധ്യത കല്‍പിക്കപ്പെടുന്നത്. വിഷ്ണുനാഥ് മണ്ഡലത്തില്‍ സജീവമാവുകയും ചെയ്തിട്ടുണ്ട്. ഇതിനകം മണ്ഡലത്തില്‍ സജീവമായി കഴിഞ്ഞിട്ടുള്ള ശോഭനാ ജോര്‍ജിന്‍റെ നിലപാടും സാന്നിദ്ധ്യവും കോണ്‍ഗ്രസിന്‍റെ സാദ്ധ്യതകളെ നിര്‍ണായകമായി സ്വാധീനിക്കും. ബിജെപിയില്‍ നിന്ന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പി എസ് ശ്രീധരന്‍ പിള്ള തന്നെയായിരിക്കും ഇത്തവണയും മത്സരിക്കുക.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News