തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനുള്ള നികുതിയിളവ് നിര്‍ത്തലാക്കി

Update: 2018-05-26 10:22 GMT
Editor : Sithara
തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനുള്ള നികുതിയിളവ് നിര്‍ത്തലാക്കി
Advertising

മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസില്‍ അഞ്ച് കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് മുനിസിപ്പല്‍ എഞ്ചിനീയറുടെ റിപ്പോര്‍ട്ട്.

ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന് നല്‍കിയിരുന്ന നികുതിയിളവുകള്‍ നിര്‍ത്തലാക്കാനും ഇതുവരെ നല്‍കിയ ഇളവുകള്‍ പുനഃപരിശോധിച്ച് തിരിച്ച്പിടിക്കാനും തീരുമാനിച്ചതായി ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍. ഫയലുകള്‍ കാണാതായ സംഭവത്തില്‍ നഗരസഭയിലെ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഏകാധിപതിയായ ചെയര്‍മാനെ അംഗീകരിക്കില്ലെന്നും ചെയര്‍മാന്‍ രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഫയലുകള്‍ കാണാതായ വിഷയവും കയ്യേറ്റവും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ആലപ്പുഴ നഗരസഭയുടെ അടിയന്തര യോഗം ബഹളത്തില്‍ മുങ്ങി അവസാനിച്ചു.

Full View

ലേക്ക് പാലസ് റിസോര്‍ട്ടില്‍ 29 കെട്ടിടങ്ങളുണ്ടെന്നും അതില്‍ അഞ്ചെണ്ണം അനധികൃതമാണെന്നുമുള്ള നഗരസഭാ എഞ്ചിനീയറുടെ റിപ്പോര്‍ട്ടോടെയാണ് നഗരസഭാ കൌണ്‍സില്‍ യോഗം ആരംഭിച്ചത്. എന്നാല്‍ തൊട്ടു പിറകെ 34 കെട്ടിടങ്ങളുണ്ടെന്ന് നഗരസഭാ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞതോടെ തര്‍ക്കങ്ങള്‍ തുടങ്ങി. പിന്നീട് എഞ്ചിനീയര്‍ പറഞ്ഞത് കെട്ടിടങ്ങളുടെ എണ്ണമാണെന്നും സെക്രട്ടറി പറഞ്ഞത് ഇരു നിലകള്‍ക്കെ വെവ്വേറെ നമ്പര്‍ നല്‍കിയ കെട്ടിടങ്ങളുടെ എണ്ണം വേര്‍ തിരിച്ചാണെന്നും ചെയര്‍മാന്‍ വിശദീകരിച്ചത് ബഹളത്തിനിടയാക്കി. പിന്നീട് ഏതാനും അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

അതിനിടയില്‍ നാല് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നത് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അത് ശരിയാണോ എന്ന് ചെയര്‍മാന്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ചെയറിനടുത്തെത്തി. ഭരണപക്ഷവും നടുത്തളത്തിലിറങ്ങി. മറുപടി ചര്‍ച്ചയുടെ അവസാനം പറയുമെന്ന നിലപാട് പ്രതിപക്ഷം അംഗീകരിച്ചില്ല. തുടര്‍ന്ന് യോഗം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ചെയര്‍മാന്‍ തീരുമാനങ്ങള്‍ വിശദീകരിച്ചു.

കെട്ടിടങ്ങളുടെ രേഖകള്‍ 15 ദിവസത്തിനകം സമര്‍പ്പിക്കാനാവശ്യപ്പെട്ട് തോമസ് ചാണ്ടിക്ക് നോട്ടീസ് നല്‍കുമെന്ന് ചെയര്‍മാന്‍ തോമസ് ജോസഫ് അറിയിച്ചു. ഏകാധിപതിയായ ചെയര്‍മാനെ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു. സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് പ്രകടനവും യോഗവും നടത്തിയ ജീവനക്കാര്‍ നാളെ മുതല്‍ സമരം പ്രഖ്യാപിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News