ജിഷ കൊലക്കേസില്‍ സുപ്രധാന ഘട്ടം പിന്നിട്ടു; വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ക്രൂരമായ കൊലപാതകക്കേസാണ് ഇതോടെ വഴിത്തിരിവിലെത്തുന്നത്.
ജിഷ കൊലപാതകക്കേസില്‍ അമീറുല്‍ ഇസ്‌ലാം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കേസ് പ്രധാന ഘട്ടം പിന്നിട്ടു. ശിക്ഷാവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ക്രൂരമായ കൊലപാതകക്കേസാണ് ഇതോടെ വഴിത്തിരിവിലെത്തുന്നത്.
പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൌകര്യം പോലുമില്ലാത്ത പുറമ്പോക്കിലെ ഒറ്റ മുറി വീട്. ആരെങ്കിലും അതിക്രമിച്ച് കയറിയാല്‍ പ്രതിരോധിക്കാന്‍ കഴിയാത്ത വാതിലുകള്‍. അവിടെയാണ് അമീറുല്‍ ഇസ്ലാം എന്ന ഘാതകന്‍ ചെന്നെത്തിയത്. പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിക്രൂരമായി കൊലപ്പെടുത്തി. എന്നാല്‍ മതിയായ സാക്ഷിമൊഴികളോ അനുബന്ധ തൊളിവുകളോ ഇല്ലെന്ന് കാട്ടി കേസ് തള്ളുമെന്ന സാധ്യതകളിലെക്കെത്തി. പിന്നീട് സംസ്ഥാന വ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തോടെ അന്വേഷണം ശരിയായ ഗതിയിലേക്കെത്തി.
അപ്പോഴെക്കും ജിഷയുടെ മാതാവടക്കം പറഞ്ഞ പേരുകള്‍ അയല്‍ വീടുകളിലെ നിരപരാധികളെ ക്രൂരമായി പൊലീസ് മര്‍ദ്ദിക്കുന്നതിന് കാരണമായി. ക്രൂരമായ പൊലീസ് മര്‍ദ്ദനം അയല്‍വാസിയായ സാബുവിന്റെ ആത്മഹത്യയിലേക്കെത്തി. മരണത്തിനപ്പുറം ലഭിക്കുന്ന നീതിക്കപ്പുറത്തേക്ക് ഇനിയും ജിഷമാര്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ ഭരണകൂടങ്ങള്‍ കൈക്കൊള്ളമെന്നാണ് നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയവരുടെ ആവശ്യം.