ജിഷയുടെ ശരീരത്തില്‍ 38 മുറിവുകള്‍; ബലാത്സംഗശ്രമം നടന്നു

Update: 2018-05-27 04:46 GMT
Editor : admin
ജിഷയുടെ ശരീരത്തില്‍ 38 മുറിവുകള്‍; ബലാത്സംഗശ്രമം നടന്നു
Advertising

ബലാത്സംഗശ്രമം നടന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്

Full View

ജിഷ വധക്കേസിലെ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം വഴിമുട്ടിയ നിലയില്‍. കണ്ണൂരില്‍ നിന്ന് പിടികൂടിയ ജിഷയുടെ അയല്‍വാസി കുറ്റം നിഷേധിച്ചു. ഇയാള്‍ക്കെതിരെ ശാസ്ത്രീയതെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. അതേസമയം ജിഷയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. ജിഷയുടെ ശരീരത്തില്‍ ചെറുതും വലുതുമായ 38 മുറിവുകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബലാത്സംഗശ്രമം നടന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച സ്ഥിരീകരണം ഫോറന്‍സിക് ലാബില്‍ നടക്കുന്ന ആന്തരികാവയവങ്ങളുടെ രാസപരിശോധനക്ക് ശേഷമെ ഉണ്ടാവൂ.

ജിഷയുടെ മൃതദേഹം കണ്ടെത്തിയ വീട്ടിലെയും പരിസരങ്ങളിലെയും തെളിവുകളും സാഹചര്യത്തെളിവുകളും അന്വേഷണത്തെ മുന്നോട്ടുകൊണ്ടുപോകാത്ത സാഹചര്യത്തില്‍ ശാസ്ത്രീയതെളിവുകളെയാണ് അന്വേഷണസംഘം ആശ്രയിക്കുന്നത്.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ജിഷയുടെ അയല്‍വാസിയെ കണ്ണൂരില്‍ നിന്നും പിടികൂടിയത്. എന്നാല്‍ ഇയാളുടെ വിരലടയാളം സംഭവ സ്ഥലത്ത് നിന്ന് ശേഖരിച്ചതിനോട് സാദൃശ്യപ്പെടുന്നില്ലെന്നാണ് വിവരം. ഇയാള്‍ കുറ്റം നിഷേധിക്കുകയും ചെയ്തു. നിലവില്‍ അഞ്ചിലധികം പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. അതിനിടെ പ്രതിയുടേതെന്ന് കരുതുന്ന രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ഇതൊഴിച്ചാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

ഡിവൈഎസ്പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചുകള്‍; സംഘര്‍ഷം, പരിക്ക്

ഡിവൈഎസ്പി ഓഫീസിലേക്ക് ഡിവൈഎഫ്ഐ, എഐഎസ്എഫ് സംഘടനകള്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി.. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അരുണ്‍കുമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡിവൈഎസ്പി ഓഫീസിന് മുന്നിലുള്ള പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

എല്‍ ഡി എഫ് ജില്ലാ കമ്മറ്റി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി

പെരുമ്പാവൂരില്‍ ജിഷയുടെ കൊലപാതകത്തില്‍ നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് ജില്ലാ കമ്മറ്റി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. എ സമ്പത്ത് എം പി, എ സോമരാജ് എം പി, സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

ജിഷയുടെ അമ്മയെ ഇന്നസെന്റ് എം പി സന്ദര്‍ശിച്ചു

ഇന്നസെന്‍റ് എംപി പെരുമ്പാവൂര്‍ താലൂക്കാശുപത്രിയിലെത്തി ജിഷയുടെ അമ്മയെ കണ്ടു. സംഭവത്തില്‍ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ അംഗവും സന്ദര്‍ശിച്ചു

കേരള പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ അംഗം വി വി ഗിരിജ ജിഷയുടെ മാതാവിനെ സന്ദര്‍ശിച്ചു. ഇന്ന് വൈകുന്നേരം കമ്മീഷന്‍ ചെയര്‍മാന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും അവര്‍ പറഞ്ഞു. ദേശീയ വനിതാ കമ്മീഷന്‍ അംഗം രേഖാ ശര്‍മ്മ ഇന്ന് വൈകുന്നേരം പെരുമ്പാവൂരെത്തും.

ജിഷയുടെ കൊലപാതകം: ആശങ്ക രേഖപ്പെടുത്തി ജനങ്ങള്‍
ജിഷയുടെ മരണം കേരളത്തില്‍ ഇത് വരെയില്ലാത്ത പ്രതിഷേധത്തിനാണ് ഇടയാക്കിയത്. കേരളത്തിലെ വിവിധ നഗരങ്ഹളില്‍ നിന്നുള്ള പ്രതികരണങ്ങളിലേക്ക്.

ജിഷ കൊലപാതകം: ഡല്‍ഹിക്ക് പറയാനുള്ളത്
നിര്‍ഭയ സംഭവത്തിന് ശേഷം ദേശീയതലത്തില്‍ ഇത്രയും പ്രതിഷേധമുണര്‍ത്തിയ മറ്റൊരു സംഭവമുണ്ടായിട്ടില്ല. ഡെല്‍ഹി സംഭവത്തിന്റെ അതേ നടുക്കത്തോടെയാണ് പെരുമ്പാവൂര് സംഭവം രാജ്യ തലസ്ഥാനം കേട്ടത്.

ജിഷ കൊലപാതകം പാര്‍ലമെന്റിലും

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം പാര്‍ലമെന്റില്‍ ഉന്നയിച്ച് ഇടതു പാര്‍ട്ടികളും ബി.ജെ.പിയും. രാജ്യസഭയിലും ലോക്സഭയിലും ശൂന്യവേളയിലാണ് വിഷയം ഉന്നയിച്ചത്. കേസ് അന്വേഷിയ്ക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടതായി ഇടതുപാര്‍ട്ടികളും ബി.ജെ.പിയും ആരോപിച്ചു.

രാജ്യസഭയില്‍ മറ്റു നടപടികള്‍ നിര്‍ത്തിവെച്ച് പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് സി.പി.എം സി.പി.ഐ, ബി.ജെ.പി എന്നീ പാര്‍ട്ടികള്‍ നോട്ടീസ് നല്‍കിയിരുന്നതെങ്കിലും ശൂന്യവേളയില്‍ വിഷയം ഉന്നയിയ്ക്കാനാണ് ചെയര്‍ അനുമതി നല്‍കിയത്.

സി.പി.എം അംഗം സി.പി.നാരായണനാണ് ആദ്യം വിഷയം ഉന്നയിച്ചത്. സി.പി.ഐ അംഗം ഡി.രാജ, ബി.ജെ.പി അംഗം തരുണ്‍ വിജയ് എന്നിവരും സംസാരിച്ചു. കേസ് അന്വേഷിയ്ക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടതായി ഇടതുപാര്‍ട്ടികളും ബി.ജെ.പിയും ആരോപിച്ചു.
ക്രൂരമായ സംഭവമാണ് നടന്നതെന്നും കേന്ദ്ര സര്‍ക്കാരിനും ഇടപെടാമെന്നും ചര്‍ച്ചയിലിടപെട്ട് ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന്‍ പറഞ്ഞു. ലോക്സഭയില്‍ ബി.ജെ.പി അംഗം മീനാക്ഷി ലേഖിയാണ് ശൂന്യവേളയില്‍ വിഷയമുന്നയിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News