വേങ്ങര ഉപതെരഞ്ഞെടുപ്പ് ഇരു മുന്നണികള്‍ക്കും നിര്‍ണ്ണായകം
വേങ്ങരയില്‍ യുഡിഎഫിന് മേല്‍ക്കൈ ഉണ്ടെങ്കിലും ഭരണനേട്ടങ്ങള്‍ തങ്ങളെ തുണക്കുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍
വേങ്ങര ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫിനും യുഡിഎഫിനും നിര്‍ണ്ണായകമാകും. വേങ്ങരയില്‍ യുഡിഎഫിന് മേല്‍ക്കൈ ഉണ്ടെങ്കിലും ഭരണനേട്ടങ്ങള്‍ തങ്ങളെ തുണക്കുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. സിറ്റിംങ് മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫും പിടിച്ചെടുക്കാന്‍ എല്‍ഡിഎഫും രംഗത്തിറങ്ങുമ്പോള്‍ പോരാട്ടം കടുക്കും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ 38057 ആയിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷമെങ്കില്‍ ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ 40529 വോട്ടുകളായി അത് ഉയര്‍ന്നു. അടുത്ത മാസം നടക്കാന്‍ പോകുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഈ കണക്കുകള്‍ യുഡിഎഫിന് ആത്മവിശ്വാസം നല്‍കുമ്പോള്‍ എല്‍ഡിഎഫിന് നെഞ്ചിടിപ്പ് കൂടുകയാണ്. കാലങ്ങളായി തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മണ്ഡലത്തില്‍ ഇത്തവണ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ജയിക്കാന്‍ കഴിയുമെന്ന പൂര്‍ണ്ണ വിശ്വാസത്തിലാണ് ലീഗ്.
കുഞ്ഞാലിക്കുട്ടി ഇല്ലെങ്കിലും വേങ്ങര ലീഗിനെ കൈവിടില്ലെന്നാണ് യുഡിഎഫ് നേതാക്കളുടെ വിശ്വാസം. കെപിഎ മജീദ്, കെഎന്‍എ ഖാദര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവരാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സജീവ പരിഗണനയിലുള്ളത്.
യുഡിഎഫിന്‍റെ അത്ര ഉറപ്പില്ലെങ്കിലും വേങ്ങരയില്‍ ഒരു കൈ നോക്കാന്‍ തന്നെയാണ് എല്‍ഡിഎഫ് തീരുമാനം. ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തിലാകെ ഒരു ലക്ഷത്തോളം വോട്ട് കൂടുതല്‍ ലഭിച്ചത് ന്യൂനപക്ഷങ്ങള്‍ തങ്ങളോട് അടുക്കുന്നതിന്‍റെ സൂചനയായി എല്‍ഡിഎഫ് കാണുന്നുണ്ട്. കുഞ്ഞാലിക്കുട്ടി ആയത് കൊണ്ടാണ് ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ ഭൂരിപക്ഷം കൂടിയതെന്നും നിയമസഭയില്‍ അത് ആവര്‍ത്തിക്കില്ലെന്നുമാണ് ഇടത് നേതാക്കളുടെ വിലയിരുത്തല്‍.
സര്‍ക്കാരിന്‍റെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി തന്നെ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഇടത് നീക്കം. എന്നാല്‍ വേങ്ങരയില്‍ ആരെ മത്സരിപ്പിക്കും എന്ന കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ പോലും ഇടത് മുന്നണിയില്‍ നടന്നിട്ടില്ല. മലപ്പുറത്ത് പാര്‍ട്ടിക്ക് വലിയ മേല്‍ക്കൈ ഇല്ലാത്തതിനാല്‍ വേങ്ങരയില്‍ ബിജെപി വലിയ പ്രതീക്ഷ വച്ച് പുലര്‍ത്തുന്നില്ലെങ്കിലും സ്ഥാനാര്‍ത്ഥിയുണ്ടാകും.