ഒരാള്‍ക്ക് ഒരു ക്ഷേമപെന്‍ഷന്‍ എന്ന നയം ക്ഷീര കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു
ക്ഷീര കര്‍ഷകര്‍ക്കൊപ്പം ക്ഷീര സംഘങ്ങളും മില്‍മയും പെന്‍ഷന്‍ പദ്ധതിയിലേക്ക് വിഹിതം നല്‍കി വരുന്നുണ്ട്. 60 വയസ്സ് കഴിഞ്ഞാല്‍ ക്ഷീര കര്‍ഷകര്‍ക്ക് പ്രതിമാസം ലഭിച്ചിരുന്ന പെന്‍ഷനാണ് ഇരട്ട പെന്‍ഷനെന്ന പേര് പറഞ്ഞ് നല്‍കാതിരിക്കുന്നത്
സര്‍ക്കാറിന്‍റെ സാമൂഹ്യ പെന്‍ഷന്‍ പദ്ധതി നയം ക്ഷീര കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഒരാള്‍ക്ക് ഒരു ക്ഷേമപെന്‍ഷന്‍ എന്ന സര്‍ക്കാര്‍ നയമാണ് ക്ഷീര കര്‍ഷകര്‍ക്ക് വിനയായത്. ക്ഷേമനിധി വിഹിതം അടച്ചിട്ടും പെന്‍ഷന്‍ ലഭിക്കാതെയായതോടെ ക്ഷീരോല്‍പാദന മേഖലയില്‍ നിന്ന് വിട്ടൊഴിയുകയാണ് കര്‍ഷകര്‍
2006ലാണ് ക്ഷീരോല്‍പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ക്ഷീര വികസന ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയത്. ക്ഷീര കര്‍ഷകര്‍ ഈ മേഖലയില്‍ നിന്ന് പിന്‍വാങ്ങുന്നത് ഒഴിവാക്കലായിരുന്നു പെന്‍ഷന്‍ പദ്ധതിയുടെ ലക്ഷ്യം. ക്ഷീര കര്‍ഷക സംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്കായിരുന്നു പദ്ധതിയില്‍ അംഗത്വം. ക്ഷീര കര്‍ഷകര്‍ക്കൊപ്പം ക്ഷീര സംഘങ്ങളും മില്‍മയും പെന്‍ഷന്‍ പദ്ധതിയിലേക്ക് വിഹിതം നല്‍കി വരുന്നുണ്ട്. 60 വയസ്സ് കഴിഞ്ഞാല്‍ ക്ഷീര കര്‍ഷകര്‍ക്ക് പ്രതിമാസം ലഭിച്ചിരുന്ന പെന്‍ഷനാണ് ഇരട്ട പെന്‍ഷനെന്ന പേര് പറഞ്ഞ് നല്‍കാതിരിക്കുന്നത്, മറ്റ് പെന്‍ഷനുകളുടെ കൂട്ടത്തില്‍ ക്ഷീര കര്‍ഷക പെന്‍ഷനെ പെടുത്തുന്നതിന് ന്യായീകരണമില്ലെന്നാണ് ക്ഷീരോല്‍പാദക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷമാണ് ഒരാള്‍ക്ക് ഒരു പെന്‍ഷന്‍ എന്ന തീരുമാനമെടുത്തത്. സര്‍ക്കാര്‍ തീരുമാനത്തോടെ ക്ഷീര വികസന ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം നിര്‍ത്തുകയായിരുന്നു.