സരിതയുടെ കത്തില്‍ നാല് പേജ് പിന്നീട് കൂട്ടിച്ചേര്‍ത്തു, പിന്നില്‍ ഗണേഷ്: ഫെനി
സരിതയുടെ കത്തില്‍ ലൈംഗികാരോപണം കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാറെന്ന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍
ഗണേഷ് കുമാറിനും സോളാര്‍ കമ്മീഷനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍. പത്തനംതിട്ട ജയിലില്‍ വെച്ച് സരിത എഴുതിയ കത്തില്‍ ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം നാല് പേജ് കൂട്ടിച്ചേര്‍ത്തുവെന്ന് ഫെനി പറഞ്ഞു. ഇക്കാര്യം കമ്മീഷനോട് പറയാന്‍ ശ്രമിച്ചപ്പോള്‍ ജസ്റ്റിസ് ശിവരാജന്‍ തടഞ്ഞുവെന്ന് ഫെനി ആരോപിച്ചു.
നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണം വന്നതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന യുഡിഎഫ് വാദം ശരിവെക്കുകയാണ് വിവാദ സമയത്ത് സരിതക്കൊപ്പമുണ്ടായിരുന്ന അഭിഭാഷകന്‍. സരിത എഴുതിയ 21 പേജില്‍ ഒരിടത്തും ലൈംഗിക ആരോപണം ഇല്ലായിരുന്നുവെന്നാണ് ഫെനി പറയുന്നത്. ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം സഹായികളായിരുന്ന ശരണ്യ മനോജും പ്രദീപും ചേര്‍ന്നാണ് നാല് പേജ് അധികമായി ചേര്‍ത്തത്. സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കുന്ന സമയത്ത് ഇക്കാര്യം പറയാന്‍ ശ്രമിച്ചെങ്കിലും ജസ്റ്റിസ് ശിവരാജന്‍ ഒന്നും പറയാന്‍ സമ്മതിച്ചില്ലെന്നും ഫെനി ആരോപിക്കുന്നുണ്ട്.
ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ പേര് എഴുതി ചേര്‍ത്ത് യുഡിഎഫ് നേതാക്കളെ ഭീഷണിപ്പെടുത്തി മന്ത്രിസ്ഥാനത്ത് തിരികെ വരാനായിരുന്നു ഗണേഷ് കുമാറിന്റെ നീക്കങ്ങളെന്നാണ് ഫെനിയുടെ വാദം. ഇക്കാര്യം സരിതക്ക് അറിയാമായിരുന്നുവെന്നും ഫെനി പറഞ്ഞു.