കാന്തപുരത്തിനെതിരായ ലീഗിന്റെ ലേഖനം അവജ്ഞയോടെ തള്ളുന്നുവെന്ന് കേരള മുസ്ലിം ജമാഅത്ത്

Update: 2018-05-28 07:07 GMT
Editor : admin
കാന്തപുരത്തിനെതിരായ ലീഗിന്റെ ലേഖനം അവജ്ഞയോടെ തള്ളുന്നുവെന്ന് കേരള മുസ്ലിം ജമാഅത്ത്
Advertising

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ വിമര്‍ശിച്ച് കെപിഎ മജീദ് എഴുതിയ ലേഖനത്തിന് കേരള മുസ്ലിം ജമാഅത്തിന്റെ മറുപടി

Full View

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ വിമര്‍ശിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് എഴുതിയ ലേഖനത്തിന് കേരള മുസ്ലിം ജമാഅത്തിന്റെ മറുപടി. കെപിഎ മജീദ് ലേഖനത്തില്‍ ഉന്നയിച്ച ആരോപണങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നാണ് മുസ്ലിം ജമാഅത്തിന്റെ പ്രസ്താവന. കാന്തപുരത്തിന് ബിജെപിയുമായി ദൃഢബന്ധമുണ്ടെന്നും സംഘപരിവാറിനെതിരായ മുസ്ലിങ്ങളുടെ പ്രതിഷേധത്തെ കാന്തപുരം ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു മജീദിന്റെ ലേഖനത്തിലെ ആരോപണങ്ങള്‍.

കെപിഎ മജീദിന്റെ ലേഖനത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന കേരള മുസ്ലിം ജമാഅത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ സ്വീകരിച്ച നിലപാട് വര്‍ഗീയ ഫാഷിസ്റ്റുകളെ ചെറുക്കാന്‍ മതേതര ശക്തികളെ പിന്തുണക്കുക എന്നതായിരുന്നു. വര്‍ഗീയ ശക്തികളുമായി ഒരു ഒത്തുതീര്‍പ്പിനും തങ്ങള്‍ ശ്രമിച്ചിട്ടില്ല. മോദി ബന്ധം കാലങ്ങളായി ശത്രുക്കള്‍ പ്രചരിപ്പിക്കുന്ന നുണക്കഥകളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലടക്കം മുസ്ലിം ലീഗ് ആരുമായാണ് വോട്ടുകച്ചവടം നടത്തിയതെന്ന് എല്ലാവര്‍ക്കുമറിയാം. തെരഞ്ഞെടുപ്പില്‍ ലീഗിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറയുന്നവരോട് സഹതാപമുണ്ടെന്നും കെ പി എ മജീദ് ഇപ്പോള്‍ സുന്നികള്‍ക്കെതിരെ തിരിഞ്ഞതിലെ അ‍ജണ്ട തങ്ങള്‍ക്കറിയാമെന്നും കുറിപ്പില്‍ പരാമര്‍ശമുണ്ട്. വ്യാജ ആരോപണങ്ങളുന്നയിച്ച് സുന്നിസമൂഹത്തെ നിഷ്ക്രിയമാക്കാമെന്ന് കരുതുന്നവരോട് സഹതാപമാണുള്ളതെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും സംഘ്പരിവാറും തമ്മില്‍ ബന്ധമുണ്ടെന്നാണ് ലീഗ് മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ കെപിഎ മജീദ് വിശദീകരിച്ചത്. മഞ്ചേശ്വരത്ത് ബിജെപിക്ക് വോട്ടുനല്‍കി മുസ്ലിംകളെയും മതേതര വിശ്വാസികളെയും കാന്തപുരം വഞ്ചിച്ചെന്നും നരേന്ദ്ര മോദിയെ അംഗീകരിച്ച ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പണ്ഡിതനാണ് കാന്തപുരമെന്നും ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News