അക്ബര്‍ കക്കട്ടിലിന്റെ കഥകള്‍ ഇംഗ്ലീഷില്‍ പുറത്തിറങ്ങുന്നു
പി.എ നൌഷാദും അരുണ്‍ലാലും ചേര്‍ന്നാണ് കഥകള്‍ വിവര്‍ത്തനം ചെയ്തത്
അന്തരിച്ച കഥാകൃത്ത് അക്ബര്‍ കക്കട്ടിലിന്റെ കഥകള്‍ ഇംഗ്ലീഷില്‍ പുറത്തിറങ്ങുന്നു. അധ്യാപകരായ പി.എ നൌഷാദും അരുണ്‍ലാലും ചേര്‍ന്നാണ് കഥകള്‍ വിവര്‍ത്തനം ചെയ്തത്. അക്ബര്‍ കക്കട്ടിലിന്റെ വലിയ ആഗ്രഹമായിരുന്നു തന്റെ കഥകളുടെ ഇംഗ്ലീഷ് വിവര്‍ത്തനം.
അഡിക്ഷന്‍, അച്ഛനും മകളും, സൌരയൂഥം, ഒരു തെങ്ങിന്റെ ദര്‍ശനം തുടങ്ങി വായനക്കാരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത പതിനെട്ട് കഥകള്‍. ഇവ വിവര്‍ത്തനം ചെയ്യാന്‍ നാട്ടുകാരനായ നൌഷാദിനോട് അക്ബര്‍ കക്കട്ടില്‍ തന്നെയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ കഥകള്‍ പുസ്തകരൂപത്തിലാകും മുന്‍പേ കഥാകാരന്‍ യാത്രയായി. കക്കട്ടില്‍ കഥകള്‍ക്ക് ആദര്‍ശങ്ങളുടെ ഭാരമില്ല. വിവര്‍ത്തനത്തില്‍ ഈ ആത്മാവ് ചോര്‍ന്നിട്ടില്ലെന്നാണ് ഇവരുടെ വിശ്വാസം. നൌഷാദ് പേരോട് എം ഐ എം ഹൈസ്കൂളിലും അരുണ്‍ലാല്‍ മൊകേരി ഗവ. കോളജിലുമാണ് ജോലി ചെയ്യുന്നത്. സെലക്ടഡ് സ്റ്റോറീസ് ഓഫ് അക്ബര്‍ കക്കട്ടില്‍ എന്ന് പേരിട്ട പുസ്തകം അടുത്ത മാസം പുറത്തിറങ്ങും. ലൂമിനസ് ബുക്സാണ് പ്രസാധകര്‍.