സോളാര്‍ കേസില്‍ അന്വേഷണം ഉടന്‍ തുടങ്ങും

Update: 2018-05-29 10:54 GMT
Editor : Sithara
സോളാര്‍ കേസില്‍ അന്വേഷണം ഉടന്‍ തുടങ്ങും
Advertising

അഴിമതി, ലൈംഗിക ആരോപണം എന്നിവ സംബന്ധിച്ച പ്രാഥമിക അന്വേഷണമാണ് തുടക്കത്തില്‍ നടത്തുക.

സോളാര്‍ കേസില്‍ ഡിജിപി രാജേഷ് ദിവാന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉടന്‍ അന്വേഷണം തുടങ്ങും. അഴിമതി, ലൈംഗിക ആരോപണം എന്നിവ സംബന്ധിച്ച പ്രാഥമിക അന്വേഷണമാണ് തുടക്കത്തില്‍ നടത്തുക. അന്വേഷണ പരിധി നിശ്ചയിക്കാന്‍ ഡിജിപി രാജേഷ് ദിവാന്‍ ഈയാഴ്ച തന്നെ ഉദ്യോസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്തേക്കും.

Full View

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളും കേസിലെ പ്രതി സരിത എസ് നായരുടെ ആരോപണങ്ങളും അടിസ്ഥാനമാക്കിയാകും പ്രത്യേക സംഘം തുടരന്വേഷണം ആരംഭിക്കുക. അന്വേഷണം സംബന്ധിച്ച് ഇന്നലെ പുറത്തിറങ്ങിയ ഉത്തരവ് പ്രത്യേക സംഘത്തിന്റെ ചുമതലയുള്ള ഉത്തര മേഖല ഡിജിപി രാജേഷ് ദിവാന് ഇതുവരെ ലഭിച്ചിട്ടില്ല. ഉത്തരവ് ലഭിച്ചാലുടന്‍ അന്വേഷണം തുടങ്ങുമെന്ന് രാജേഷ് ദിവാന്‍ വ്യക്തമാക്കി. സോളാറില്‍ അഴിമതിയാരോപണത്തിന് പുറമെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഐജിക്കുമെതിരെ ലൈംഗിക ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അഴിമതി ആരോപണം പൂര്‍ണ്ണമായും വിജിലന്‍സ് ഉദ്യോഗസ്ഥരും ബാക്കി ആരോപണങ്ങള്‍ പോലീസുമാകും അന്വേഷിക്കുക.

നിലവില്‍ ഡിജിപി ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരാണ് പ്രത്യേക സംഘത്തിലുള്ളത്. അന്വേഷണസംഘത്തെ ഇനിയും വിപുലീകരിക്കും. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരിശോധിച്ചാകും അന്വേഷണത്തിലെ ആദ്യഘട്ടം. സോളാര്‍ തട്ടിപ്പിലെ പരാതിക്കാരുടെയും പ്രതികളായ സരിത എസ് നായരുടെയും ബിജു രാധാകൃഷ്ണന്റെയും മൊഴി രേഖപ്പെടുത്തുന്ന നടപടികളും പിന്നീടുണ്ടാകും. സരിത ജയിലില്‍ വെച്ച് എഴുതിയ വിവാദ കത്തും പരിശോധിക്കും. സോളാര്‍ തട്ടിപ്പിലെ 33 കേസുകള്‍
മുന്‍പ് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ കണ്ടെത്തലുകളും അന്വേഷണവേളയില്‍ പരിഗണിക്കും. വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെങ്കിലും കേസിന്റെ സങ്കീര്‍ണ്ണത മൂലം അന്വേഷണം നീളുമെന്ന് ഉറപ്പാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News