നേത്രാവതി എക്സ്പ്രസില്‍ തീപിടുത്തം
അഗ്നിബാധയെ തുടര്‍ന്ന് ട്രെയിന്‍ കായംകുളത്ത് നിര്‍ത്തിയിട്ടിരിക്കുന്നു
തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസില്‍ തീപിടുത്തം. തമിഴ്നാട് സ്വദേശിയായ യാത്രക്കാരന്‍ ടോയ്ലറ്റില്‍ പാഴ് വസ്തുക്കള്‍ കത്തിച്ചതാണ് തീപടരാന്‍ കാരണമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.,
രാവിലെ 11.30ഓടെ കായംകുളത്തിനടുത്തെത്തിയപ്പോഴാണ് ട്രെയിനല്‍ തീപടര്‍ന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. റെയില്‍വെ അഗ്നിശമന സേനയുടെ സഹായത്തോടെ തീയണച്ച് യാത്രക്കാരുടെ പരിഭ്രാന്തി അകറ്റി. തമിഴ്നാട് സ്വദേശിയായ യാത്രക്കാരന്‍ ടോയ്‍ലെറ്റില്‍ പാഴ്‍വസ്തുക്കളും വസ്ത്രങ്ങളും കത്തിച്ചാണ് തീ പടരാന്‍ കാരണമെന്നാണ് റെയില്‍വെയുടെ പ്രാഥമിക നിഗമനം.പൊള്ളലേറ്റ ഇയാളെ ടോയ്‍ലെറ്റിന്റെ വാതില്‍ പൊളിച്ചാണ് പൊലീസ് പുറത്തെത്തിച്ചത്. മറ്റ് യാത്രക്കാര്‍ക്ക് പരിക്കില്ല.
പൊലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ പേര് പലതവണ മാറ്റിപ്പറഞ്ഞു. തമിഴ്നാട് വെല്ലൂര്‍ സ്വദേശിയാണെന്ന് കരുതുന്ന ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറയുന്നു. തീപിടിച്ച ബോഗി ട്രെയിനില്‍ നിന്ന് വേര്‍പ്പെടുത്തി. റെയില്‍വെയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആലപ്പുഴയില്‍ നിന്ന് പുതിയ ബോഗി ഘടിപ്പിച്ച് യാത്ര തുടരാനാണ് റെയില്‍വെയുടെ തീരുമാനം.