വിദ്യാര്‍ത്ഥിനിയുടെ മരണം: ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്യാത്തതിനെതിരെ സഹപാഠികളുടെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്
ഈ മാസം ഏഴിനാണ് സ്‌കൂളിലേക്കുള്ള യാത്രക്കിടെ ബസ്സുകള്‍ക്കിടയില്‍ പെട്ട് അരുണിമക്ക് ജീവന് നഷ്ടമായത്.
താമരശ്ശേരിയില്‍ ബസ്സുകള്‍ക്കിടയില്‍പ്പെട്ട് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അപകടം വരുത്തിയ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്യാത്തതിനെതിരെ സഹപാഠികള്‍ പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. താമരശ്ശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
സഹപാഠിയുടെ മരണത്തിന് ഉത്തരവാദിയായ കെ എസ് ആര്‍ ടി സി ഡ്രൈവറെ ഉടന്‍ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. സ്‌കൂള്‍ പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച് പഴയ ബസ്സ്റ്റാന്റിനു സമീപം പോലീസ് തടഞ്ഞു. ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന മാര്‍ച്ചിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി എത്തിയത്. പിന്തുണയുമായി നാട്ടുകാരും കൂടെ നിന്നു.
ഈ മാസം ഏഴിനാണ് സ്‌കൂളിലേക്കുള്ള യാത്രക്കിടെ ബസ്സുകള്‍ക്കിടയില്‍ പെട്ട് അരുണിമക്ക് ജീവന് നഷ്ടമായത്. കെ എസ് ആര്‍ ടി സി ഡ്രൈവര്‍ എന്‍ ഷിബുവിന്റെ അശ്രദ്ധയാണ് മരണ കാരണമെന്ന് വ്യക്തമായതോടെ കെ എസ് ആര്‍ ടി സി ഇയാളെ സസ്‌പെന്റ് ചെയ്യുകയും ആര് ടി ഒ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിരുന്നു. ഷിബുവിനെതിരെ താമരശ്ശേരി പോലീസ് നരഹത്യക്ക് കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ഇയാള് ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.