കഞ്ചിക്കോട് ഇന്‍സ്ട്രുമെന്‍റേഷന്‍ ലിമിറ്റഡ് നടപടികള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം
കഞ്ചിക്കോട് ഇന്‍സ്ട്രുമെന്‍റേഷന്‍ ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം. സ്ഥാപനത്തില്‍..
കഞ്ചിക്കോട് ഇന്‍സ്ട്രുമെന്‍റേഷന്‍ ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം. സ്ഥാപനത്തില്‍ ശമ്പള പരിഷ്കരണം നടത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ബിഎംഎസ് ഹൈക്കോടതിയെ സമീപിച്ചത് ഇതിന്‍റെ ഭാഗമായാണെന്ന് സിപിഎമ്മും കോണ്‍ഗ്രസും ആരോപിച്ചു.
വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് വാല്‍വുകള്‍ നിര്‍മിച്ചു നല്‍കുന്ന ഇന്‍സ്ട്രുമെന്‍റേഷന്‍ ലിമിറ്റഡിന്‍റെ കഞ്ചിക്കോട് യൂനിറ്റ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വിറ്റൊഴിക്കാന്‍ തീരുമാനിച്ച 26 പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഈ കമ്പനിയുമുണ്ടായിരുന്നു. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൊടുത്തു തീര്‍ത്താല്‍ വിപണിവിലക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനം ഏറ്റെടുക്കാമെന്നാണ് ധാരണ. ഇതിനിടെയാണ് തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കേന്ദ്രം നല്‍കുന്നതിനെതിരെ ബിഎംഎസ് ഹൈക്കോടതിയെ സമീപിച്ചത്.
കോട്ട യൂനിറ്റിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കാന്‍ 742 കോടി മുടക്കിയ കേന്ദ്ര സര്‍ക്കാര്‍ കേവലം നാല്‍പത് കോടി ചെലവഴിക്കാന്‍ മടി കാണിക്കുന്നതും ഇപ്പോള്‍ ബിഎംഎസ് കോടതിയെ സമീപിച്ചതും ദുരൂഹമാണെന്ന് എംബി രാജേഷ്, വിഎസ് വിജയരാഘവന്‍, എം ചന്ദ്രന്‍ എന്നിവര്‍ ആരോപിച്ചു.