എല്‍പിജി ട്രക്ക് ഡ്രൈവര്‍മാര്‍ സമരം പിന്‍വലിച്ചു

Update: 2018-05-31 01:17 GMT
എല്‍പിജി ട്രക്ക് ഡ്രൈവര്‍മാര്‍ സമരം പിന്‍വലിച്ചു
Advertising

വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് ട്രക്ക് തൊഴിലാളികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ സമരം പ്രഖ്യാപിച്ചത്

പാചക വാതക സിലിണ്ടറുകള്‍ കൊണ്ടുപോകുന്ന ട്രക്ക് തൊഴിലാളികള്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു. വേതന വര്‍ധനവിന്‍റെ കാര്യത്തില്‍ തൊഴിലാളികളുന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

Full View

അഡീഷണല്‍ ലേബര്‍ കമ്മിഷണറുടെ സാന്നിധ്യത്തില്‍ നടന്ന ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തൊഴിലാളികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് വീണ്ടും ചര്‍ച്ച നടത്തുകയും ബാറ്റ വര്‍ധനവടക്കമുള്ള ആവശ്യങ്ങളില്‍ ട്രക്കുടമകളും തൊഴിലാളി യൂണിയനുകളും ഒത്തുതീര്‍പ്പിലെത്തുകയുമായിരുന്നു. കരാറനുസരിച്ച് ലോഡ് ഒന്നിന് ബാറ്റ 825 രൂപയായിരുന്നത് 950 രൂപയായി വര്‍ധിപ്പിച്ചു. രണ്ടാം വര്‍ഷം 1010ഉം മൂന്നാം വര്‍ഷം 1075 രൂപയും നല്‍കും.

അടിസ്ഥാന ശമ്പളം നിശ്ചയിക്കണമെന്ന ആവശ്യം ട്രക്കുടമകള്‍ തള്ളി. പകരം ഇന്‍സെന്റീവ് നല്‍കും. മാസം 12 ലോഡ് എടുക്കുന്നവര്‍ക്ക് 750 ഉം 13-18 വരെ ലോഡെടുക്കുന്നവര്‍ക്ക് 1250 രൂപയും അതിന് മുകളില്‍ 1750 രൂപയും ആകും ഇന്‍സെന്റീവ്. ഇത് കൂടാതെ 200 കിലോമീറ്ററിന് മുകളില്‍ ഓരോ കിലോമീറ്ററിന് നല്‍കുന്ന അധിക തുകയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്.

ആനുപാതികമായ വര്‍ധനവ് ക്ലീനര്‍മാര്‍ക്കും ചെറിയ ട്രക്കുകള്‍ ഓടിക്കുന്നവര്‍ക്കും ഉണ്ടാകും. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ തുളസീധരനാണ് ചര്‍ച്ചകള്‍ക്ക് മാധ്യസ്ഥ്യം വഹിച്ചത്.

Tags:    

Similar News