കൊടുക്കാന്‍ പുതിയ നോട്ടില്ല; ഭക്ഷണം കഴിച്ച ശേഷം വിദേശി ഹോട്ടലില്‍ നിന്നിറങ്ങിയോടി
ദൈവത്തിന്റെ സ്വന്തം നാട് കാണാന്‍ ഇറങ്ങിയ അമേരിക്കക്കാരന്‍ തനിക്ക് ഇങ്ങനെയൊരു ഗതികേടുണ്ടാകുമെന്ന് സ്വപ്‍നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല.
ദൈവത്തിന്റെ സ്വന്തം നാട് കാണാന്‍ ഇറങ്ങിയ അമേരിക്കക്കാരന്‍ തനിക്ക് ഇങ്ങനെയൊരു ഗതികേടുണ്ടാകുമെന്ന് സ്വപ്‍നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല. കയ്യില്‍ പണമുണ്ടായിട്ടും പട്ടിണി കിടക്കേണ്ടിവന്ന അവസ്ഥ. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ഹോട്ടലില്‍ കയറിയ ഇദ്ദേഹം ഭക്ഷണം കഴിച്ച ശേഷം ഒരു കള്ളനെപോലെ ഇറങ്ങിയോടി. കൈ നിറയെ ഡോളറുണ്ടായിട്ടും ഭക്ഷണം കഴിക്കാന്‍ പോലും കഴിയാതെ വിശന്നുതളര്‍ന്ന ആ വിദേശി ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നെങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും കേന്ദ്ര സര്‍ക്കാരിനുള്ളതാണ്. നീലക്കുറിഞ്ഞിയുടെ നാടായ മൂന്നാറിലാണ് വിദേശി നോട്ട് നിരോധത്തിന്റെ ഇരയായത്.
കേരളത്തിന്റെ മെട്രോയിലാണ് ഇയാള്‍ ആദ്യം എത്തിയത്. രാജ്യാന്തര എടിഎം കാര്‍ഡ് കൈയ്യിലുണ്ടെങ്കിലും പണമെടുക്കാന്‍ എത്തിയ കൌണ്ടറുകളെല്ലാം കാലി. ഡോളര്‍ മാറ്റാന്‍ സ്വകാര്യ ഏജന്‍സികളെ കൂട്ടുപിടിക്കാന്‍ നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. കൈയ്യിലാണെങ്കില്‍ കുറച്ച് ഇന്ത്യന്‍ കറന്‍സി മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ട് വയറുമുറുക്കി ജീവിക്കാന്‍ തീരുമാനിച്ചു. ചുരുക്കി പറഞ്ഞാല്‍ അര്‍ധ പട്ടിണി. ഒടുവില്‍ കയ്യിലുണ്ടായിരുന്ന ബാക്കി പണം കൊണ്ട് വ്യാഴാഴ്ച വൈകീട്ടോടെ മൂന്നാറിലെത്തി. മൂന്നാറിലെ എടിഎം കൌണ്ടറുകളില്‍ നിന്നു പണമെടുക്കാമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ ഇവിടെ പണമില്ലെന്ന് മാത്രമല്ല, കൌണ്ടറുകള്‍ തുറന്നിട്ടുകൂടിയില്ല. ഒരു ദിവസം മുഴുവന്‍ പച്ചവെള്ളം കുടിച്ച് വിശപ്പടക്കിയെന്ന് വരുത്തി. ഒടുവില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വിശപ്പ് സഹിക്കാന്‍ വയ്യാതെ ആയതോടെ രണ്ടും കല്‍പ്പിച്ച് അടുത്ത് കണ്ട ഹോട്ടലില്‍ കയറി. ഡെബിറ്റ് കാര്‍ഡ് എടുക്കില്ലെന്ന് വെയ്റ്റര്‍ നേരത്തെ തന്നെ അറിയിച്ചു. പക്ഷേ തന്റെ പക്കല്‍ കറന്‍സിയില്ലെന്ന കാര്യം മറച്ചുവെക്കാതെ വേറെ മാര്‍ഗമുണ്ടായിരുന്നില്ല ഇയാള്‍ക്ക്. ഭക്ഷണമെത്തി, വയറുനിറയെ ഭക്ഷണം കഴിച്ചു. പിന്നെ ഒന്നും നോക്കിയില്ല, ഹോട്ടലില്‍ നിന്നു ഇറങ്ങി ഒരൊറ്റയോട്ടം. ഹോട്ടലുടമകള്‍ ഇയാളെ ഓടിച്ചിട്ടു പിടികൂടിയെങ്കിലും തന്റെ അവസ്ഥ ബോധ്യപ്പെടുത്തിയപ്പോ ദയ തോന്നി ഇവര്‍ ഇയാളെ വിട്ടയച്ചു. മൂന്നാര്‍ ടൗണില്‍ വിവിധ ബാങ്കുകളുടേതായി ആറിലധികം എടിഎം കൗണ്ടറുകളുണ്ടെങ്കിലും പക്ഷേ, പണമില്ലാത്തിനാല്‍ മിക്കതും ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്.