സായിപ്രസാദം പദ്ധതിയുടെ ആദ്യഘട്ടം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കാണ് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ സായിപ്രസാദം പദ്ധതി
സംസ്ഥാന സര്‍ക്കാറിന്റെ സഹായത്തോടെ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരള എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി നടപ്പിലാക്കുന്ന സായിപ്രസാദം പദ്ധതിയുടെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. സായിപ്രസാദം പദ്ധതിയുടെ ഭാഗമായി ദുരിത ബാധിതർക്കായി നിർമ്മിക്കുന്ന 108 വീടുകളില്‍ ഒന്നാം ഘട്ടത്തിൽ പൂർത്തിയായ 36 വീടുകളുടെ താക്കോല്‍ ദാനമാണ് മുഖ്യന്ത്രി നടത്തിയത്.
എൻഡോസൾഫാൻ ദുരിത ബാധിതരായ 108 കുടുംബങ്ങളുടെ പുനരധിവാസത്തിന്റ ഭാഗമായാണ് സായിപ്രസാദം ഭവന പദ്ധതി ആരംഭിച്ചത്. ഇതിൽ പുല്ലൂർ-പെരിയ പഞ്ചായത്തിലെ ഇരിയ കാട്ടുമാടത്താണ് ആദ്യ ഘട്ടത്തിൽ 36 വീടുകളുടെ നിർമാണം പൂർത്തിയായത്. നാലു കോടി രൂപയാണ് ആദ്യ ഘട്ടത്തിലെ ചെലവ്. മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽദാനം നടത്തി.
ദുരിത ബാധിത കുടുംബങ്ങള്‍ക്കുളള പട്ടയദാനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ നിർവ്വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ തറക്കല്ലിടൽ നടത്തി. സത്യസായി കുടിവെളള പദ്ധതി പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു.
ഈ വർഷം അവസാനത്തോടെ 108 വീടുകളും പൂർത്തിയാക്കി ദുരിതബാധിതർക്ക് കൈമാറാനാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്. പുല്ലൂര്‍-പെരിയ പഞ്ചായത്തിന് പുറമെ കിനാനൂര്‍-കരിന്തളം, എന്‍മകജെ എന്നീ പഞ്ചായത്തുകളിലാണ് സത്യസായി ട്രസ്റ്റ് വീടുകൾ നിര്‍മിച്ച് നൽകുന്നത്.