ലിനിയുടെ മക്കള്‍ക്കുള്ളത് സാധാരണ പനി
നിപ ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ മക്കള്‍ പനിയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നെങ്കിലും ഇവരുടെ പരിശോധനഫലം നെഗറ്റീവാണ്
നിപ വൈറസ് രോഗലക്ഷണങ്ങളുള്ള 149 പേരുടെ രക്തസാമ്പിളുകള്‍ അയച്ചതില്‍ 133 എണ്ണവും നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ്. രോഗ ലക്ഷണങ്ങളോടെ എട്ട് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.
പല ഘട്ടങ്ങളിലായി രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ 149 പേരുടെ രക്തസാമ്പിളുകളുടെ പരിശോധനഫലമാണ് ആരോഗ്യവകുപ്പിന് ലഭിച്ചത്. ഇതില്‍ 133 എണ്ണത്തിലും നിപ വൈറസ് ബാധയില്ലെന്നാണ് പരിശോധനഫലം. നിലവില്‍ എട്ട് പേര്‍ നിരീക്ഷണത്തിലുണ്ട്. നിപ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ട് പേരും സ്വകാര്യ ആശുപത്രിയില്‍ ഒരാളും അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. നിപ ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ മക്കള്‍ പനിയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നെങ്കിലും ഇവരുടെ പരിശോധനഫലം നെഗറ്റീവാണ്.
മെഡിക്കല്‍ കോളേജില്‍ മറ്റ് രോഗങ്ങളുമായെത്തുന്നവരുടെ തിരക്ക് കുറക്കാന്‍ ബീച്ച് ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ സൌകര്യങ്ങളൊരുക്കാന്‍ തീരുമാനിച്ചു. അവധിയില്‍ പോയ ഡോക്ടര്‍മാരുടെ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ തിരക്കിനനുസരിച്ച് പ്രാഥമികാശുപത്രികിളിലും കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും.