ആദിവാസി യുവതിക്ക് അഞ്ചാംമാസത്തില്‍ ദുരിത പ്രസവം; ഗര്‍ഭസ്ഥ ശിശു മരിച്ചു
ചികിത്സയും ആംബുലന്‍സും നിഷേധിച്ചതാണ് യുവതിയുടെ ദുര്യോഗത്തിനു കാരണം
വയനാട്ടില്‍ വീണ്ടും ആദിവാസി യുവതിയ്ക്കു ദുരിത പ്രസവം. അഞ്ചുമാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചു. മീനങ്ങാടി കോട്ടക്കുന്ന് മണങ്ങവയല്‍ കോളനിയിലെ അനിലിന്റെ ഭാര്യ ബബിതയ്ക്കാണ് തന്റെ ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ടത്. ചികിത്സയും ആംബുലന്‍സും നിഷേധിച്ചതാണ് യുവതിയുടെ ദുര്യോഗത്തിനു കാരണം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അനില്‍ ഭാര്യ ബബിതയുമൊത്ത് പതിവായി ചികിത്സ തേടുന്ന മീനങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയത്. ഇവിടുന്ന് കുത്തിവെയ്പ്പ് എടുത്ത ശേഷം ശനിയാഴ്ച ബത്തേരി താലൂക്ക് ആശുപത്രിയില്‍ നിന്നു സ്കാനിങ് എടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിയ്ക്കുകയും ചെയ്തു. എന്നാല്‍, ശനിയാഴ്ച രാവിലെ ആയപ്പോഴേയ്ക്കും ബബിതയ്ക്ക് വേദനയും രക്തസ്രാവവുമുണ്ടായി. തുടര്‍ന്ന്, മീനങ്ങാടി പിഎച്ച്സിയില്‍ എത്തിയെങ്കിലും ഡോക്ടര്‍ പരിശോധിയ്ക്കാന്‍ തയ്യാറായില്ല. ഓപ്പറേഷന്‍ തീയറ്ററില്‍ ആയതിനാല്‍ ഡോക്ടര്‍ക്ക് ഇറങ്ങാന്‍ സാധിയ്ക്കില്ലെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. കുറച്ചു സമയത്തിനു ശേഷം, ബത്തേരിയിലേയ്ക്ക് താലൂക്ക് ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്തെങ്കിലും ആംബുലന്‍സ് സൌകര്യം ഒരുക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് ഓട്ടോറിക്ഷയിലാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേയ്ക്കും രക്തസ്രാവം അധികമായിരുന്നു.
ബത്തേരി താലൂക്ക് ആശുപത്രിയിലേയ്ക്ക് എത്തുമ്പോഴേയ്ക്കും പ്രസവം നടന്നിരുന്നുവെന്നാണ് ഈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. കുഞ്ഞിന്റെ മൃതദേഹം വീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ സാഹചര്യമില്ലാത്തതിനാല്‍ മറ്റെവിടെയെങ്കിലും അടക്കം ചെയ്യാന്‍ അനില്‍ അനുവദിയ്ക്കുകയും ചെയ്തു. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള അനിതയുടെ ആരോഗ്യ സ്ഥിതി ഇപ്പോള്‍ കുഴപ്പമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ പുല്‍പള്ളി ചാമക്കര ആദിവാസി കോളനിയിലെ പ്രിയയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്കുള്ള യാത്രാ മധ്യേ ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നല്‍കേണ്ടി വന്നു. സെപ്റ്റംബറിലും സമാന സാഹചര്യമുണ്ടായി. ഇതില്‍ അനിതയെന്ന ആദിവാസി യുവതി പ്രസവിച്ച മൂന്ന് കുട്ടികളും മരണപ്പെടുകയും ചെയ്തിരുന്നു.
വയനാട്ടില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍, യുവതിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരുന്നില്ലെന്ന് മീനങ്ങാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ കെ.ഗീത. ഓപ്പറേഷന്‍ തീയ്യറ്ററിലായതിനാല്‍ പുറത്ത് എന്താണ് സംഭവിയ്ക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.