യോഗ്യതയില്ല; വനം വികസന കോര്‍പറേഷനിലെ എംഡി നിയമനം കോടതി റദ്ദാക്കി
എംഡിയായി നിയമിച്ച പി ആര്‍ സുരേഷിന് ചട്ടപ്രകാരം യോഗ്യതയില്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ വിധി
വനം വികസന കോര്‍പറേഷനിലെ എംഡി നിയമനം ഹൈക്കോടതി റദ്ദാക്കി. എംഡിയായി നിയമിച്ച പി ആര്‍ സുരേഷിന് ചട്ടപ്രകാരം യോഗ്യതയില്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ വിധി. ചട്ടം മറികടന്ന് വനം മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ ബന്ധുവിനെ കെഎഫ്ഡിസി എംഡിയായി നിയമനം നല്‍കിയത് മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്.
കേരള വനം വികസന കോര്‍പറേഷന്‍ എംഡി പദവിയില്‍ ഇഷ്ടക്കാരെ കുടിയിരുത്താനാണ് യോഗ്യതാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഫെബ്രുവരി 14ന് വനം വകുപ്പ് ഉത്തരവിറക്കിയത്. കെഎഫ്ഡിസിയിലെ സിഐടിയു നേതാക്കള്‍ ഉയര്‍ത്തിയ എതിര്‍പ്പുപോലും വകവെക്കാതെ നിയമനവുമായി മുന്നോട്ടു പോയ വനം വകുപ്പിന് ഒടുവില്‍ ഹൈക്കോടതിയില്‍ തിരിച്ചടി നേരിടേണ്ടിവന്നു. വേണ്ട യോഗ്യത ഇല്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി ഡിവിഷണല്‍ ബെഞ്ച് വിവാദമായ എംഡി നിയമനം റദ്ദാക്കി.
നിലവിലെ ചട്ടപ്രകാരം ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഗ്രേഡിലുള്ളയാളെ മാത്രമേ എംഡിയായി നിയമിക്കാവൂ. യോഗ്യത മാനദണ്ഡം ഭേദഗതി ചെയ്യുമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡി അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. എങ്കില്‍ ആദ്യം ഭേദഗതി പൂര്‍ത്തിയാക്കൂവെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി. കേസില്‍ ഇനി അപ്പീലിന് പോലും അവസരമില്ലാതെയാണ് അന്തിമ വിധി പുറപ്പെടുവിച്ചത്.
ചട്ട വിരുദ്ധമായ നിയമനത്തിനെതിരെ നിയമ പോരാട്ടം നടത്തുകയും അതിന്റെ പേരില്‍ വകുപ്പ് തല പ്രതികാര നടപടി നേരിടുകയും ചെയ്ത ഉദ്യോഗസ്ഥരുടെ വിജയമാണ് ഹൈക്കോടതി വിധി. ഹൈക്കോടതിയില്‍ കേസിന് പോയ ഗവി ഡിവിഷണല്‍ മാനേജരെ കഴിഞ്ഞ ദിവസം മാനന്തവാടിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.