സെക്രട്ടറിയേറ്റ് സുരക്ഷിതമല്ലെന്ന് ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട്
തീപിടിത്തം ഉണ്ടായാല്‍ സെക്രട്ടേറിയേറ്റിലുള്ളവരുടെ ജീവന്‍ രക്ഷിക്കാനാവില്ലെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക് റിപ്പോര്‍ട്ട് നല്‍കി...
ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് മന്ദിരം സുരക്ഷിതമെല്ലന്ന് ഫയര്‍ഫോഴ്‌സിന്റെ റിപ്പോര്‍ട്ട്. തീപിടിത്തം ഉണ്ടായാല്‍ സെക്രട്ടേറിയേറ്റിലുള്ളവരുടെ ജീവന്‍ രക്ഷിക്കാനാവില്ലെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക് റിപ്പോര്‍ട്ട് നല്‍കി. ഏറ്റവും പെട്ടെന്ന് അത്യാവശ്യം വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഫയര്‍ഫോഴ്‌സ് മേധാവി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയാവണിന് ലഭിച്ചു.
ഫയര്‍ഫോഴ്‌സ് നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്. ഒരു ഷോര്‍ട്ട് സര്‍ക്യൂട്ടോ, തീപിടത്തമോ ഉണ്ടായാല്‍ പോലും നിലവിലുള്ള സംവിധാനം അനുസരിച്ച് ഫയര്‍ഫോഴ്‌സിന് ഒന്നും ചെയ്യാനാവില്ലന്ന് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്ന് ഫയര്‍ഫോഴ്‌സ് ഓഫീസര്‍മാര്‍ മാത്രമാണ് നിലവില്‍ സെക്രട്ടേറിയേറ്റില്‍ ഉള്ളത്.ഇവരുടെ കയ്യിലാകട്ടെ അത്യാവശ്യ സുരക്ഷാ ഉപകരണങ്ങള്‍ പോലും കയ്യിലില്ല. ഈ സാഹചര്യത്തില്‍ ഓഫീസര്‍മാരുടെ എണ്ണം ഏറ്റവും കുറഞ്ഞത് അഞ്ചായി ഉയര്‍ത്തണമെന്നാണ് ആവശ്യം. മിനി ഫയര്‍ സ്‌റ്റേഷനോ ഫയര്‍ ഔട്ട്‌പോസ്‌റ്റോ അടിയന്തരമായി സ്ഥാപിക്കണമെന്നും ശിപാര്‍ശ ചെയ്തിട്ടുണ്ട്.
ഇലക്ട്രിക്ക് കേബിളുകള്‍ പലതും പഴയതായതിനാല്‍ അപകട സാധ്യത കൂടുതലാണെന്ന് ഫയര്‍ഫോഴ്‌സ് മേധാവി സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തുന്നു. വിവിധ വകുപ്പുകളിലെ ഫയലുകള്‍, അന്വേഷണ റിപ്പോര്‍ട്ടുകള്‍, സുപ്രധാന രേഖകള്‍ എന്നിവ നിമിഷ നേരം കൊണ്ട് കത്തിച്ചാമ്പലാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.