ഹാദിയക്ക് മാനസികപ്രശ്നമെന്ന് അശോകന്റെ അഭിഭാഷകന്‍
അശോകനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അഭിഭാഷകന്റെ പ്രതികരണം. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്നും..
ഹാദിയയുടെ മാനസിക നില ശരിയല്ലെന്ന് അഛന്‍ അശോകന്റെ അഭിഭാഷകന്‍. മാതാപിതാക്കളെ അസഭ്യം പറയുകയും, ഉപദ്രവിക്കുകയും ചെയ്യുന്നു. ഇക്കാര്യം സുപ്രിം കോടതിയില്‍ ഉന്നയിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. നാളെ വൈകിട്ട് മൂന്ന് മണിക്കാണ് ഹാദിയയെ കോടതിയില്‍ ഹാജരാക്കുക. ഹാദിയയുടെ അഛന്‍ അശോകനുമായി കേരള ഹൌസില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അഭിഭാഷകന്റെ പ്രതികരണം.
ഹാദിയയുടെ മാനസിക നില ശരിയല്ലെന്ന വാദം നേരത്തെ കേരള ഹൈക്കോടതിയില്‍ അശോകന്റെ അഭിഭാഷകര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സുപ്രിം കോടതിയില്‍ ഇതുവരെ ഈ വാദം മുന്നോട്ട് വെച്ചിട്ടില്ല. ഇന്നലെ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലൂടെ സുപ്രിം കോടതിയില്‍ എന്താണ് പറയാന്‍ പോകുന്നതെന്നതിന്റെ സൂചന ഹാദിയ ഇന്നലെ നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കേസില്‍ പിടിച്ച് നില്‍ക്കാന്‍ ഹാദിയയുടെ മാനസിക നില സംബന്ധിച്ച സംശയങ്ങള്‍ ഉയര്‍ത്തുകയേ നിവര്‍ത്തിയുള്ളൂ എന്ന വിലയിരുത്തലാണ് അശോകന്റെ അഭിഭാഷകര്‍ക്കുള്ളത്. ഇതിനോട് സുപ്രിം കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നതിന്റെയടിസ്ഥാനത്തിലായിരിക്കും കേസിലെ ഭാവി നടപടികള്‍.
അതേതസമയം ഹാദിയയെ താമസിപ്പിക്കുന്ന കേരള ഹൌസില്‍ മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള നിയന്ത്രണം തുടരുകയാണ്. കേരള ഹൌസ് കാന്റീനിലേക്ക് പിന്‍ ഗെയ്റ്റിലൂടെ പ്രവേശം അനുവദിക്കുന്നത് ഉച്ചയോടെ ആരംഭിച്ചിരുന്നു. മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍ അതേപടി തുടരുകയാണ്. ഹാദിയ താമസിക്കുന്ന ബ്ലോക്കിലേക്ക് ജീവനക്കാര്‍ക്കല്ലാതെ മാറ്റാര്‍ക്കും പ്രവേശമില്ല. സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് ഇവിടെ സുരക്ഷ ചുമതല. പുറത്ത് പ്രധാന കവാടം പൂര്‍ണ്ണമായും ഡല്‍ഹി പൊലീസിന്റെ വലയത്തിലാണ്.