നിപ വൈറസ്: കോഴിക്കോട് ഒരാള്‍കൂടി മരിച്ചു
സംസ്ഥാനത്ത് നിപ വൈറസ് ചികിത്സ പ്രോട്ടോക്കോള്‍ നിലവില്‍ വന്നു
സംസ്ഥാനത്ത് നിപ വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. പന്തിരിക്കര സൂപ്പിക്കടയില്‍ വളച്ചുകെട്ടി മൂസയാണ് മരിച്ചത്. ഇതോടെ നിപ മരണം 11 ആയി. നിപ വൈറസ് രോഗലക്ഷണങ്ങളോടെ സംസ്ഥാനത്ത് 25 പേരാണ് നീരീക്ഷണത്തിലുള്ളത്. സംസ്ഥാനത്ത് നിപ വൈറസ് ചികിത്സ പ്രോട്ടോക്കോള്‍ നിലവില്‍ വന്നു. ഈ പ്രോട്ടോക്കോള്‍ അനുസരിച്ചാകും ഇനി മുതലുള്ള ചികിത്സകള്‍.
കോഴിക്കോട് ബേബി മെമ്മേറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സാബിത്ത് അഞ്ചാം തീയതിയാണ് മരിച്ചത്. സാബിതിന്റെ രക്തസാമ്പിള്‍ ശേഖരിക്കാന്‍ കഴിയാത്തതിനാല്‍ മരണം നിപ മൂലമാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. സാലിഹിന്റെ രക്തപരിശോധനയില്‍ നിന്ന് മരണകാരണം നിപ മൂലമാണെന്ന് തെളിഞ്ഞിരുന്നു. മൂസയുടെ ജേഷ്ഠന്റെ ഭാര്യയും നിപ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. മൊത്തം 13 പേര്‍ മരിച്ചെങ്കിലും 11 പേരുടെ മരണമാണ് നിപ വൈറസ് മൂലമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുള്ളത്.
ഈ മാസം 17നാണ് മൂസയെ പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂസക്ക് നിപ വൈറസാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മൂസയുടെ മക്കളായ സാബിത്തും സ്വാലിഹും നേരത്തെ മരിച്ചു. ഇതില്‍ സ്വാലിഹിന് നിപയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. സാബിത്താണ് ആദ്യം മരിച്ചതെന്നതിനാല്‍ സാബിത്തിന്‍റെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചിരുന്നില്ല. എന്നാലും ഈ മരണവും നിപ മൂലമാണെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്.
നിപ ലക്ഷണങ്ങളോടെ 19 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഒരാള്‍ക്കും സ്വകാര്യ ആശുപത്രിയില്‍ ചികിത്സകഴിയുന്ന മറ്റൊരാള്‍ക്കും നിപ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് കുട്ടികളടക്കം നാല് പേര്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്. കോട്ടയം മെഡിക്കല്‍ കോളേജലില്‍ രണ്ട് പേരും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഒരാളും മംഗലാപുരത്ത് രണ്ട് പേരും നിപ വൈറസ് രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്.
അതിനിടെ നിപ വൈറസ് ബാധ സംശയിച്ച് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച തുറക്കല്‍ സ്വദേശിക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. രോഗ ബാധ സംശയിക്കുന്നവരെ ചികില്‍സിക്കാന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏഴ് ബെഡ്ഡുകളുള്ള പ്രത്യേക വാര്‍ഡ് സജ്ജമാണ്. നിപ വൈറസ് ബാധയെ തുടര്‍ന്ന് നാല് പഞ്ചായത്തുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. നിലമ്പൂരില്‍ 9 പേര്‍ക്ക് ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.