പൊലീസിലെ ദാസ്യപ്പണി: തിരിച്ചെത്തിയത് ഒരു ഡ്രൈവറും രണ്ട് വാഹനങ്ങളും മാത്രം
ക്യാംപിലേക്ക് തിരിച്ചെത്താന്‍ ഈ മാസം 25ആം തീയതിവരെയാണ് സമയമനുവദിച്ചിട്ടുള്ളത്.
ദാസ്യപ്പണി അവസാനിപ്പിക്കാനുള്ള നടപടി ഫലം കാണുന്നില്ല. തിരുവനന്തപുരത്ത് അനധികൃതമായി നിയമിച്ച 63 പേരില്‍ ഒരാള്‍ പോലും തിരിച്ചെത്തിയിട്ടില്ല. ഇതുവരെ ഒരു ഡ്രൈവറും രണ്ട് വാഹനങ്ങളും മാത്രമാണ് തിരിച്ചെത്തിയത്.
പേഴ്‍സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാരായും ക്യാംപ് ഫോളോവര്‍മാരായും 63 പേരാണ് ക്യാംപിന് പുറത്ത് ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. നിലവില്‍ ഇവരെ മുഴുവന്‍ പേരെയും ക്യാപിലേക്ക് തന്നെ തിരിച്ചെത്തിക്കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. നിര്‍ദേശം ലഭിച്ച് 24 മണിക്കൂര്‍ പിന്നീടുമ്പോള്‍ മുന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ വെങ്കിടേഷിന്‍റെ ഡ്രൈവര്‍ മാത്രമാണ് തിരിച്ചുവന്നത്.
രണ്ട് വാഹനങ്ങളും എആര്‍ ക്യാംപിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഒരു എഡിജിപിയും ഐജിയുമാണ് വാഹനങ്ങള്‍ തിരികെ നല്‍കിയത്. മുപ്പതിലധികം വാഹനങ്ങള്‍ തിരിച്ചെത്താനുണ്ടെന്നാണ് കണക്ക്. ലോ ആന്‍റ് ഓര്‍ഡറില്‍ നില്‍ക്കുന്ന 22 പേർ അറുപതിലധികം വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ ഡിജിപിക്ക് കണക്ക് ലഭിച്ചിരുന്നു. പല പിഎസ്‍ഒമാരും തിരിച്ചെത്താത്തത് വ്യക്തിപരമായ താല്‍പര്യം മൂലമാണെന്നാണ് കരുതുന്നത്.
അതേസമയം അനധികൃതമായ ഡ്യൂട്ടി ചെയ്യുന്നവരുടെ കണക്കുകള്‍ ശേഖരിക്കുന്നത് പുരോഗമിക്കുകയാണ്. രണ്ട് ദിവസങ്ങള്‍കൊണ്ട് മാത്രമേ ഇതിന്‍റെ അന്തിമ പട്ടിക തയാറാവുകയൂള്ള. ക്യാംപിലേക്ക് തിരിച്ചെത്താന്‍ ഈ മാസം 25ആം തീയതിവരെയാണ് സമയമനുവദിച്ചിട്ടുള്ളത്.