അവസാനം, സതി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിരാഹാരം കിടന്നു; വീട് നല്‍കാമെന്ന് പഞ്ചായത്ത്
സ്വന്തമായി ഒരു വീട് ലഭിക്കാന്‍ ഏഴ് വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടും നീതി കിട്ടാത്തതിനെ തുടര്‍ന്ന് നിരാഹാരസമരത്തിലൂടെ ആ ആവശ്യം നേടിയെടുത്തു ഈ വീട്ടമ്മ
സ്വന്തമായി ഒരു വീട് ലഭിക്കാന്‍ ഏഴ് വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടും നീതി കിട്ടാത്തതിനെ തുടര്‍ന്ന് നിരാഹാരസമരത്തിലൂടെ ആവശ്യം നേടിയെടുത്തിരിക്കുകയാണ് പത്തനാപുരം സ്വദേശിനിയായ വീട്ടമ്മ. പത്തനാപുരം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തി വന്ന നിരാഹാരസമരത്തിനൊടുവിലാണ് സതിക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാന്‍ തീരുമാനമെടുത്തത്.
മൂന്ന് സെന്റ് ഭൂമിയില്‍ ഏത് നിമിഷവും തകര്‍ന്ന് വീഴാറായ വീട്ടിലാണ് വര്‍ഷങ്ങളായി സതിയും മകനും താമസിക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ സതി തയ്യല്‍ ജോലികള്‍ ചെയ്ത് വേണം മകന്റെ വിദ്യാഭ്യാസവും കുടുംബചെലവുകളും നടത്താന്‍. കഴിഞ്ഞ ഏഴ് വര്‍ഷമായി വീടിന് വേണ്ടി വിവിധ പദ്ധതികളില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചു. എല്ലാം ശരിയാക്കിത്തരാമെന്ന രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഉറപ്പ് വിശ്വസിച്ച് വര്‍ഷങ്ങള്‍ കാത്തിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല. ഇതിനെ തുടര്‍ന്നാണ് സതി സമരവുമായി രംഗത്തെത്തിയത്.
സമരത്തിനൊടുവില്‍ സതിയുടെ അപേക്ഷ പഞ്ചായത്ത് സ്വീകരിക്കുകയും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എത്രയും വേഗം വീടിനായുള്ള പണം അനുവദിച്ച് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സതി നിരാഹാരം അവസാനിപ്പിച്ചത്.