ലീഗ് ദേശീയ ഉപാധ്യക്ഷ സ്ഥാനം കെപി മറിയുമ്മ ഏറ്റെടുക്കില്ല; സംസ്ഥാന അധ്യക്ഷയാക്കാത്തതില്‍ പ്രതിഷേധം
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ പ്രഥമ വനിതാ പ്രസിഡന്റ്, ന്യൂനപക്ഷ കമ്മീഷന്‍ അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുള്ള അഡ്വ കെപി മറിയുമ്മ വനിതാ ലീഗിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ്.
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ പ്രഥമ വനിതാ പ്രസിഡന്റ്, ന്യൂനപക്ഷ കമ്മീഷന്‍ അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുള്ള അഡ്വ കെപി മറിയുമ്മ വനിതാ ലീഗിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ്. ഖമറുന്നീസ അന്‍വറിനെ വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയപ്പോള്‍ പകരം ചുതമല നല്‍കിയത് മറിയുമ്മക്കായിരുന്നു.
ഒരു മാസം മുമ്പ് നടന്ന വനിതാ ലീഗ് പുനസംഘടനയില്‍ അപ്രധാനമായ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനമാണ് മറിയുമ്മക്ക് ലഭിച്ചത്. പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് പദവി ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായില്ല. കഴിഞ്ഞ ദിവസം നടന്ന ലീഗ് പ്രവര്‍ത്തക സമിതിയില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് മറിയുമ്മ ഉന്നയിച്ചത്. നേതാക്കളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ വെച്ച് മാത്രമാണ് വനിതാ ലീഗ് ഭാരവാഹികളെ നിശ്ചയിച്ചതെന്ന് അവര്‍ ക്ഷുഭിതയായി പറഞ്ഞു. വനിതാ ലീഗിന്റെ നേതൃയോഗങ്ങളില്‍ ഇനി മുതല്‍ പങ്കെടുക്കില്ലെന്നും ഹൈദരലി തങ്ങളുടെ മുന്നില്‍ വെച്ച് അവര്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച കോഴിക്കോട്ട് നടന്ന വനിതാ ലീഗ് പ്രവര്‍ത്തക സമിതിയില്‍ അവര്‍ പങ്കെടുക്കുകയും ചെയ്തില്ല.
വനിതാ ലീഗിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനം ലഭിക്കുമെന്ന് അവസാന നിമിഷം വരെയും കെപി മറിയുമ്മക്ക് പ്രതീക്ഷയുണ്ടായിരുന്നു. മലപ്പുറം ജില്ലയിലെ വനിതാ ലീഗ് കൌണ്‍സിലര്‍മാരില്‍ ഭൂരിപക്ഷവും മറിയുമ്മക്ക് വേണ്ടി നിലപാടെടുക്കുകയും ചെയ്തു. എന്നാല്‍ സുഹറ മമ്പാടിന്റെ കടുത്ത സമ്മര്‍ദത്തിന് ലീഗ് നേതൃത്വത്തിന് വഴങ്ങേണ്ടി വന്നു. പദവി ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന സമ്മര്‍ദ തന്ത്രം പോലും സുഹറ ഇറക്കി എന്നാണ് വിവരം. മാസങ്ങളോളം കാത്തു നിന്ന ശേഷം സുഹറ മമ്പാടിനെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയായി കുല്‍സു ടീച്ചറെയും നിശ്ചയിക്കുകയായിരുന്നു. പരിഗണിച്ചു എന്ന് വരുത്തി തീര്‍ക്കാന്‍ നിലവിലെ പ്രസിഡന്റായിരുന്ന കെപി മറിയുമ്മയെയും മുന്‍ പ്രസിഡന്റ് ഖമറുന്നീസ അന്‍വറിനെയും ദേശീയ വൈസ് പ്രസിഡന്റുമാരാക്കുകയും ചെയ്തു.
പാര്‍ട്ടി തീരുമാനത്തിലുള്ള അതൃപ്തി പികെ കുഞ്ഞാലിക്കുട്ടിയെയും കെപിഎ മജീദിനെയും കടുത്ത ഭാഷയില്‍ അന്ന് തന്നെ മറിയുമ്മ അറിയിച്ചിരുന്നു. പാര്‍ലമെന്ററി രംഗത്തും സംഘടനാ രംഗത്തും ധീരമായ നിലപാടുകള്‍ പലതവണ സ്വീകരിച്ച പാരമ്പര്യമുള്ള നേതാവാണ് കെപി മറിയുമ്മ.