കണ്ണൂരിലെ പൊലീസുകാരില്‍ നിന്ന് ഒരു നീതിയും പ്രതീക്ഷിയ്‍ക്കേണ്ടതില്ലെന്ന് ഈ കുടുംബം പറയാന്‍ കാരണങ്ങളേറെയുണ്ട്

വീടിന്‍റെ പിറകില്‍ താമസിക്കുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷൈലേഷിന്‍റെ കുടുംബം സമീപത്തെ തോട് നികത്തി വഴി നിര്‍മിച്ചത് ചോദ്യം ചെയ്തത് മുതലാണ് പീഡനം തുടങ്ങിയത്. 

Update: 2018-07-11 06:36 GMT
Advertising

ഏജീസ് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനെയും കുടുംബത്തെയും സി പി എം പ്രാദേശിക നേതാവ് വേട്ടയാടുന്നതായി പരാതി. കണ്ണൂര്‍ മമ്പ്രം സ്വദേശി ടി കെ ഹരിദാസനാണ് പരാതിയുമായി രംഗത്തുള്ളത്. സിപിഎം പ്രവര്‍ത്തകനെതിരായ പരാതിയില്‍ നടപടിയെടുക്കാത്ത പൊലീസ് ഹരിദാസനെതിരെ കള്ളക്കേസുകള്‍ എടുക്കുന്നതായും ആക്ഷേപമുണ്ട്.

Full View

നാഗാലാന്‍റ് ഏജീസ് ഓഫീസിലെ ഇന്‍റേണല്‍ ഓഡിറ്റ് ഓഫീറായ ടി കെ ഹരിദാസ് ഇപ്പോള്‍ തിരുവനന്തപുരം ശ്രീചിത്രയിലാണ് ജോലി ചെയ്യുന്നത്. മമ്പ്രത്തെ ഹരിദാസിന്‍റെ വീടിന്‍റെ പിറകില്‍ താമസിക്കുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷൈലേഷിന്‍റെ കുടുംബം സമീപത്തെ തോട് നികത്തി വഴി നിര്‍മിച്ചത് ചോദ്യം ചെയ്തത് മുതലാണത്രേ പീഡനം തുടങ്ങിയത്. തോട് കൈയ്യേറിയെന്ന എതിര്‍പരാതി നല്‍കിയാണ് ഷൈലേഷിന്‍റെ പിതാവ് രാമകൃഷണന്‍ പീഡനം തുടങ്ങിയത്.

തുടര്‍ന്ന് ഹരിദാസിന്റെ ഭാര്യ ശ്രീജ നടത്തിക്കൊണ്ടിരുന്ന ഇന്റര്‍നെറ്റ് കഫേക്ക് വേങ്ങാട് പഞ്ചായത്ത് ലൈസന്‍സ് നിഷേധിച്ചു. കുറച്ചുനാളായി പ്രവര്‍ത്തിക്കുന്നില്ലെന്ന വിചിത്ര വാദമുയര്‍ത്തിയാണ് ലൈസന്‍സ് നിഷേധിച്ചത്. ഹരിദാസിനെയും ഭാര്യയെയും പല തവണ ഷൈലേഷും കുടുംബവും ആക്രമിക്കാന്‍ ശ്രമിച്ചു. ഇത് സംബന്ധിച്ച പരാതി കൂത്തുപറമ്പ് സ്റ്റേഷനില്‍ നല്‍കിയിട്ടും അതിന്മേല്‍ നടപടിയെടുക്കാതെ എഴുതിത്തള്ളി. എന്നാല്‍ ഹരിദാസ് നാട്ടിലെത്തുമ്പോഴെല്ലാം ഷൈലേഷും കുടുംബാംഗങ്ങളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ കളളക്കേസ് എടുക്കുന്നതായും പരാതിയുണ്ട്

ഇന്‍റര്‍നെറ്റ് കഫെ പ്രവര്‍ത്തിക്കുന്ന മുറിക്ക് ലൈസന്‍സ് നല്‍കാമെന്ന നിലയില്‍ പഞ്ചാത്ത് എത്തിയിരുന്നതാണ്. എന്നാല്‍ വീടും കടയും കൈയ്യേറ്റമാണെന്ന നിലപാടാണ് ഏറ്റവും പുതുതായി പഞ്ചായത്ത് ഡയറക്ടര്‍ അയച്ച കത്തിലുള്ളത്. പൊലീസിന്‍റെ ഇടപെടല്‍ സംബന്ധിച്ച് ഡി ജി പിക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും ഹരിദാസിന് പരാതിയുണ്ട്. രണ്ടുപേരുടെ ഭാഗത്തുനിന്നും പരാതിയുണ്ടെന്നും രണ്ടും അന്വേഷിച്ചു വരികയാണെന്നുമുള്ള വിശദീകരണമാണ് പൊലീസ് നല്‍കുന്നത്.

Tags:    

Similar News