ടെക്സ്റ്റൈല്‍സ് കോര്‍പറേഷനിലെ തൊഴിലാളികളുടെ വേതന പരിഷ്കരണം നടപ്പായില്ല
മില്ലുകള്‍ കനത്ത നഷ്ടത്തിലാണെന്ന കാരണം പറഞ്ഞാണ് തൊഴിലാളികളുടെ വേതന പരിഷ്കരണം വൈകിപ്പിക്കുന്നത്.
കേരള ടെക്സ്റ്റൈല്‍സ് കോര്‍പറേഷന് കീഴിലുള്ള മില്ലുകളിലേയും സഹകരണ സ്പിന്നിംഗ് മില്ലുകളിലേയും തൊഴിലാളികളുടെ വേതന പരിഷ്കരണം നടപ്പായില്ല. മില്ലുകള്‍ കനത്ത നഷ്ടത്തിലാണെന്ന കാരണം പറഞ്ഞാണ് തൊഴിലാളികളുടെ വേതന പരിഷ്കരണം വൈകിപ്പിക്കുന്നത്. അതേസമയം ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ചത് ഇരട്ടത്താപ്പാണെന്നാണ് തൊഴിലാളികളുടെ ആക്ഷേപം.
2011 ജനുവരിയിലാണ് സ്പിന്നിംഗ് മില്ലിലെ തൊഴിലാളികളുടെ വേതനം ഏറ്റവും അവസാനമായി വര്‍ധിപ്പിച്ചത്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ വേതനം പരിഷ്കരിക്കണമെന്നാണ് ചട്ടം. എന്നാല്‍ മില്ലുകള്‍ നഷ്ടത്തിലായതിനാല്‍ തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കാന്‍ സാധിക്കില്ലെന്ന ഉത്തരവിറക്കുകയാണ് മാനേജ്‍മെന്‍റ് ചെയ്തത്. ഇതിന് തൊട്ടുപിന്നാലെ ഉദ്യോഗസ്ഥരുടെ ഡി.എ അടക്കമുള്ള ആനുകൂല്യങ്ങള്‍ മാനേജ്‍മെന്‍റ് മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിക്കുകയും ചെയ്തു.
ജീവനക്കാരുടെ വേതന പരിഷ്കരണം അടക്കമുള്ള ആവശ്യങ്ങള്‍ ക്രോഡീകരിക്കാന്‍ ഉപസമിതിയെ വെച്ചിരുന്നു. ഇന്റസ്ട്രിയല്‍ റിലേഷന്‍ കമ്മറ്റിക്ക് ഉപസമിതി റിപ്പോട്ട് സമര്‍പ്പിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിച്ച മാനേജ്മെന്റ് തൊഴിലാളികളെ മാത്രം അവഗണിക്കുകയാണെന്നാണ് ആക്ഷേപം.
പി.എഫും ഇ.എസ്.ഐയും തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും പിടിക്കുന്നുണ്ടെങ്കിലും അടയ്ക്കുന്നില്ല. അഞ്ച് കോടി രൂപയോളം ഇങ്ങനെ തിരിമറി നടത്തിയതായാണ് പരാതി. ഇതിനെതിരെ പ്രധാനമന്ത്രിക്കടക്കം തൊഴിലാളി യൂണിയനുകള്‍ പരാതി നല്‍കി. കനത്ത നഷ്ടം നേരിടുന്നതിനാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 300 കോടി രൂപയോളം സര്‍ക്കാര്‍ മില്ലുകള്‍ക്ക് നല്‍കിയിട്ടുണ്ട്.