പ്രീതാ ഷാജിയുടെ വീട് ജപ്തി ചെയ്യാനുള്ള നടപടിയിൽ ഹൈക്കോടതി ഇടപെടൽ

മൂന്ന് ആഴ്ചയ്ക്കുള്ളിൽ പ്രശ്ന പരിഹാര നിർദ്ദേശം സർക്കാർ കോടതിയിൽ സത്യവാങ്മൂലമായി സമർപ്പിക്കണം

Update: 2018-07-11 08:26 GMT
Advertising

ഇടപ്പള്ളിയിലെ വീട്ടമ്മ പ്രീതാ ഷാജിയുടെ വീട് ജപ്തി ചെയ്യാനുള്ള നടപടിയിൽ ഹൈക്കോടതി ഇടപെടൽ . മൂന്ന് ആഴ്ചയ്ക്കുള്ളിൽ പ്രശ്ന പരിഹാര നിർദ്ദേശം സർക്കാർ കോടതിയിൽ സത്യവാങ്മൂലമായി സമർപ്പിക്കണം. വിഷയത്തിൽ സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചു. ആഭ്യന്തര സെക്രട്ടറി കളക്ടർ എന്നിവരെ കേസിൽ കക്ഷി ചേർത്തു.

Full View

പ്രീത ഷാജിയുടെ വീട് ലേലത്തിനെടുത്ത വ്യക്തി നൽകിയ കോടതിയലക്ഷ്യ ഹരജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് ഉൾപെട്ട ഡിവിഷൻ ബെഞ്ച് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ നിയമ സംവിധാനം തകരുമെന്ന് കോടതി നിരീക്ഷിച്ചു. ഇന്ത്യ ഒരു റിപ്പബ്ലിക് രാജ്യമാണെന്ന് ഓർമ വേണം. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ സ്വീകരിക്കണം. നിയമപരമായ പരിഹാരം സാധ്യമല്ലെങ്കിൽ സർക്കാരിന് വീട്ടമ്മയെ പുനരധിവസിപ്പിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.

സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാകുന്ന വിഷയമായതിൽ ഉത്തരവ് നടപ്പാക്കാൻ ഒരുമാസം സാവകാശം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. അസാധാരണ വിഷയമാണിതെന്നും കോടതിക്കു കണ്ണടയ്ക്കാനാവില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ആശങ്കകൾ മനസിലാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പ്രശ്നപരിഹാരത്തിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വ്യക്തമാക്കി മൂന്നാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കാനാണ് സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

Tags:    

Similar News