വായ്പാത്തട്ടിപ്പിന് ഇരയായ മാനാത്ത് പാടത്തെ പ്രീതയ്ക്ക് ജനകീയ പിന്തുണയേറുന്നു
ജനകീയ സമരസമിതി നേതാക്കളെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത് ജനീകയ പ്രതിരോധങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് വി.എം സുധിരന്‍ ആരോപിച്ചു
വായ്പാത്തട്ടിപ്പിന് ഇരയായി കിടപ്പാടം ജപ്തി ഭീഷണിയിലായ ഇടപ്പള്ളി മാനാത്ത് പാടത്തെ പ്രീതാ ഷാജിക്ക് പിന്തുണയേറുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ പ്രീതാ ഷാജിയെ സന്ദര്‍ശിച്ചു. ജപ്തി നീക്കത്തെ എതിര്‍ത്ത ജനകീയ സമരസമിതി നേതാക്കളെ അറസ്റ്റ് ചെയത നടപടി അന്യായമാണെന്ന് വി.എം സുധീരന്‍ ആരോപിച്ചു.
വായ്പാക്കുടിശ്ശിക വന്നതോടെ പ്രീതാ ഷാജിയുടെ കിടപ്പാടം ജപ്തി ചെയ്യാനുള്ള നീക്കം എച്ച്.ടി.എഫ്.സി ബാങ്കില്‍ നിന്ന് കിടപ്പാടം ലേലത്തില്‍ പിടിച്ചവര്‍ സജീവമാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനുള്ള ശ്രമം ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് തടസപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണയുമായി വി.എം സുധീരന്‍ എത്തിയത്.
പ്രീതാ ഷാജിയുടെ കാര്യത്തില്‍ നടന്നത് അന്യായമാണെന്ന് വി.എം സുധീരന്‍ വിമര്‍ശിച്ചു. കോടതി വിധിയെ മാനിക്കുന്നു. പക്ഷേ കിടപ്പാടം സംരക്ഷിക്കുകയെന്ന ന്യായമായ അവകാശസമരമാണ് മാനാത്ത് പാടത്തേത്.
ജനകീയ സമരസമിതി നേതാക്കളെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത് ജനീകയ പ്രതിരോധങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും വി.എം സുധിരന്‍ കൂട്ടിചേര്‍ത്തു. കുടുംബത്തെ കുടിയിറക്കാതിരിക്കാനുള്ള ജനകീയസമരത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും വി.എം സുധീരന്‍ അറിയിച്ചു.