സംസ്ഥാനത്ത് കനത്ത മഴ, വ്യാപക നാശം

മലയോരമേഖലകളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പാലക്കാട് സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തില്‍ ഒരാളെ കാണാതായി. കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ആലപ്പുഴയില്‍ ബോട്ട് സര്‍വീസുകള്‍ നിര്‍ത്തി

Update: 2018-07-15 13:52 GMT
Advertising

സംസ്ഥാനത്ത് ഇന്നും കനത്ത മഴ. കനത്തമഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണുണ്ടായത്. മലയോരമേഖലകളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പാലക്കാട് സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തില്‍ ഒരാളെ കാണാതായി. കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ആലപ്പുഴയില്‍ പലയിടത്തും ബോട്ട് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

മലയോര മേഖലയിലാണ് കാറ്റും മഴയും കനത്ത നാശം വിതച്ചത്. കോഴിക്കോട് പുതിയങ്ങാടിയില്‍ മരം റോഡിലേക്ക് മറിഞ്ഞ് വീണ് ഓടികൊണ്ടിരുന്ന വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ തകര്‍ന്നു. മരം മുറിച്ച് മാറ്റുന്നതിനിടയില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. താമരശ്ശേരി, തിരുവമ്പാടി, കാവിലുംപാറ തുടങ്ങിയ മലയോര മേഖലകളില്‍ കനത്ത കാറ്റില്‍ വീടുകള്‍ തകരുകയും വ്യാപകമായി കൃഷി നാശവും ഉണ്ടായി. മാവൂര്‍ പഞ്ചായത്തിലെ ഊര്‍ക്കടവ് സ്വദേശി മുഹാജിറിന്റെ പണി പൂര്‍ത്തിയായ വീടിനു മുകളില്‍ മണ്ണിടിഞ്ഞുവീണ് വീട് പൂര്‍ണമായും തകര്‍ന്നു.

പാലക്കാട് കൊല്ലങ്കോട് സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തില്‍ ഒരാളെ കാണാതായി. ആലത്തൂര്‍ കാവുശേരി സ്വദേശി ആഷിഖിനെയാണ് കാണാതായത്. ആലപ്പുഴയില്‍ കിഴക്കന്‍ മലയോര മേഖലയിലുണ്ടായ ശക്തമായ മഴയെത്തുടര്‍ന്നാണ് പമ്പയാര്‍ കര കവിഞ്ഞത്. കുട്ടനാടിന്റെ വിവിധ മേഖലകളിലായി വീടുകളില്‍ വെള്ളം കയറി ജനങ്ങള്‍ ദുരിതത്തിലായി. പുളിങ്കുന്ന, കാവാലം ജെട്ടികളില്‍ ജങ്കാര്‍ സര്‍വീസ് പൂര്‍ണമായി നിര്‍ത്തിവെച്ചു. പലയിടത്തും ബോട്ട് സര്‍വീസുകളും തടസ്സപ്പെട്ടിട്ടുണ്ട്. റോഡുകള്‍ വെള്ളത്തിനടിയിലായതോടെ പല പ്രദേശങ്ങളും പൂര്‍ണമായി ഒറ്റപ്പെട്ടു. വനത്തില്‍ കനത്ത മഴ തുടരുന്നതിനാല്‍ നെയ്യാര്‍ ഡാമിലെ നാലു ഷട്ടറുകള്‍ ഒന്‍പത് ഇഞ്ച് തുറന്നു.

കൊട്ടാരക്കര കൊല്ലം പാതയില്‍ കല്ലുംതാഴത്ത് മരം കടപുഴകി വീണ് ഒരു മണിക്കൂറിലേറെ ഗതാഗതം മുടങ്ങി. മൂന്നാംകുറ്റി മണ്ണാമല ക്ഷേത്രത്തിനു സമീപം ഒരുമ നഗറില്‍ കൂറ്റന്‍ ആല്‍മരം വീണ് നാലു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. അടുത്ത ചൊവ്വാഴ്ച വരെ സംസ്ഥാനത്തു വ്യാപകമായ മഴയ്ക്കു സാധ്യത. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശുന്നതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News