എസ്.ഡി.പി.ഐ ഹര്‍ത്താല്‍ പിന്‍വലിച്ചു
കസ്റ്റഡിയിൽ എടുത്ത എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ പൊലീസ് വിട്ടയച്ചതിന് പിന്നാലെയാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്.
എസ്.ഡി.പി.ഐ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. കസ്റ്റഡിയിൽ എടുത്ത എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ പൊലീസ് വിട്ടയച്ചതിന് പിന്നാലെയാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്.
എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയ നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം പ്രസ്സ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്തിറങ്ങുമ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പൊലീസ് നടപടിക്കെതിരെ പാര്‍ട്ടി ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്തവരെ മൂന്ന് മണിക്കൂറോളം ചോദ്യംചെയ്ത് വിട്ടയച്ചു. അഭിമന്യു കൊലക്കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ചോദിക്കാനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.
നേതാക്കളെ നിരുപാധികം വിട്ടയച്ചതിനാലും ശക്തമായ കാലവര്‍ഷക്കെടുതി പരിഗണിച്ചുമാണ് ഹര്‍ത്താല്‍ പിന്‍വലിച്ചതെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു. എന്നാല്‍ ശക്തമായ പ്രതിഷേധങ്ങളുമായി വരും ദിവസങ്ങളില്‍ തെരുവിലിറങ്ങുമെന്നും സി.പി.എമ്മിന്റെയും പിണറായി സര്‍ക്കാറിന്റെയും ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും നേതാക്കള്‍ പറഞ്ഞു.