സീറോ മലബാർ സഭാ ഭൂമിയിടപാട്; കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരെ കേസെടുക്കേണ്ടെന്ന് സുപ്രിം കോടതി

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി ചോദ്യം ചെയ്തും ആലഞ്ചേരിയടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും കൊണ്ടുള്ള ഹരജികളാണ് തള്ളിയത്

Update: 2018-07-20 07:51 GMT
Advertising

സീറോ മലബാര്‍ സഭ വിവാദ ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് സുപ്രിം കോടതിയില്‍‌ നിന്ന് ആശ്വാസം. കര്‍ദ്ദിനാളിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി തള്ളി. പരാതിക്കാർക്ക് ആവശ്യം എങ്കിൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം എന്ന് സുപ്രിം കോടതി നിര്‍ദ്ദേശിച്ചു.

സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അങ്കമായി സ്വദേശി മാര്‍ട്ടിന്‍ പയ്യപ്പള്ളിയും ഷൈന്‍ വര്‍ഗീസുമാണ് സുപ്രിം കോടതിയെ സമീപിച്ചിരുന്നുത്. സഭയെ അപമാനിക്കാനുള്ള നീക്കം മാത്രമാണിതെന്ന് കര്‍ദ്ദിനാള്‍ വാദിച്ചു. എന്നാല്‍ നിലവില്‍ ഈ വിഷത്തില്‍ ഇടപടേണ്ടതില്ല എന്നായിരുന്നു സുപ്രിം കോടതിയുടെ നിലപാട്. ആവശ്യമെങ്കില്‍ പരാതിക്കാര്‍ക്ക് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ റോഹിങ്ടണ്‍ നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

ഭൂമിയിടപാട് കേസില്‍ കര്‍ദിനാളിനും മറ്റ് രണ്ട് പേര്‍ക്ക് എതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ സിംഗിള്‍ ബെഞ്ചിന്റെ ഈ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഇത് ചോദ്യം ചെയ്താണ് മാര്‍ട്ടിനും ഷെന്‍ വര്‍ഗ്ഗീസും സുപ്രിം കോടതിയെ സമീപിച്ചിരുന്നത്.

Tags:    

Similar News