വള്ളംകളിയെ കുറിച്ച് വെള്ളം പോലെ പറയാന്‍ പറ്റുമോ? വിദ്യാര്‍ഥികളാണെങ്കില്‍ വ്യാഴാഴ്ച ആലപ്പുഴ കളക്ട്രേറ്റിലേക്ക് വരൂ

നെഹ്രു ട്രോഫി വള്ളംകളി മത്സരം ഭാവനയില്‍ കണ്ടാണ് ദൃക്‌സാക്ഷി വിവരണം നടത്തേണ്ടത്

Update: 2018-08-07 04:24 GMT
Advertising

നെഹ്രു ട്രോഫി വള്ളംകളിയ്ക്ക് മുന്നോടിയായി ഹയര്‍ - സെക്കന്‍ഡറി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കൌതുകകരമായ ഒരു മത്സരവുമായി സംഘാടക സമിതി. വള്ളംകളിയുടെ ദൃക്‌സാക്ഷി വിവരണം നടത്തുന്നതിലാണ് വ്യാഴാഴ്ച രാവിലെ ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മത്സരം സംഘടിപ്പിക്കുന്നത്. നെഹ്രു ട്രോഫി വള്ളംകളി മത്സരം ഭാവനയില്‍ കണ്ടാണ് ദൃക്‌സാക്ഷി വിവരണം നടത്തേണ്ടത്.

Full View

സിരകളെപ്പോലും ത്രസിപ്പിക്കുന്ന ഈ ദൃക്‌സാക്ഷി വിവരണങ്ങളായിരുന്നു ഒരു കാലത്ത് നെഹറു ട്രോഫി വള്ളംകളിയുടെ ജീവന്‍. ടെലിവിഷന്‍ സര്‍വ്വസാധാരണമല്ലാതിരുന്ന കാലത്ത് വിവിധ പ്രദേശങ്ങളിലുള്ള മലയാളിക്ക് ഓളപ്പരപ്പില്‍ ചീറിപ്പായുന്ന ജലരാജാക്കന്മാരെ മനക്കണ്ണില്‍ കാണിച്ചു കൊടുത്ത കല.

ഇന്നും വള്ളംകളിയുടെ ദൃക്‌സാക്ഷി വിവരണത്തിന് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെയാണ് വള്ളംകളിക്ക് മുന്നോടിയായി ദൃക്‌സാക്ഷി വിവരണത്തിന്റെ മത്സരം നടത്താന്‍ പ്രചാരണ വിഭാഗം തീരുമാനിച്ചത്. ഹയര്‍ സെക്കന്‍ഡറി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന മത്സരത്തില്‍ ഗബ്രിയേല്‍, ജവഹര്‍ തായങ്കരി, കാരിച്ചാല്‍, പായിപ്പാടന്‍ എന്നീ ചുണ്ടന്‍ വള്ളങ്ങള്‍ ട്രാക്കില്‍ മത്സരിക്കുന്നത് മനക്കണ്ണില്‍ കണ്ടാണ് വിവരണം നടത്തേണ്ടത്. ഓരോ മത്സരാര്‍ത്ഥിയ്ക്കും അഞ്ച് മിനിട്ട് സമയം അനുവദിക്കും. ഒരുകാലത്ത് മലയാളികളെ കോരിത്തരിപ്പിച്ച കലയുടെ വരുംകാല അവകാശികള്‍ ആരെന്ന് ദൃക്‌സാക്ഷി വിവരണ മത്സരത്തില്‍ അറിയാനാവും.

Tags:    

Similar News