ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ സഹോദരന്‍ ഹൈക്കോടതിയിലേക്ക്
9 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും അന്വേഷണ സംഘം ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാതെ വന്നതോടെയാണ് കന്യാസ്ത്രീയുടെ കുടുംബം നിലപാട് കടുപ്പിച്ചത്.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍. കേസില്‍ പൊലീസും സര്‍ക്കാറും അനാസ്ഥ കാണിക്കുന്നുവെന്ന് കന്യാസ്ത്രീയുടെ കുടുംബം ആരോപിച്ചു. അതേസമയം ആരെയും സംരക്ഷിക്കില്ലെന്നും തെളിവുകള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും ഡിജിപി അറിയിച്ചു.
9 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും അന്വേഷണ സംഘം ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാതെ വന്നതോടെയാണ് കന്യാസ്ത്രീയുടെ കുടുംബം നിലപാട് കടുപ്പിച്ചത്. അറസ്റ്റ് വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ പറഞ്ഞു. പൊലീസും സര്‍ക്കാരും അനാസ്ഥ കാണിക്കുകയാണ്. സമാനമായ പല കേസുകളിലും അറസ്റ്റ് നടന്നിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത് ദുരൂഹമാണെന്നും സഹോദരന്‍ മീഡിവണ്ണിനോട് പറഞ്ഞു.
അതേസമയം ശേഖരിച്ച തെളിവുകള്‍ പരിശോധിച്ച ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കുകയുള്ളു. ആരെയും സംരക്ഷിക്കുന്ന നിലപാട് ഉണ്ടാകുകയില്ലെന്ന് ഡിജിപിയും വ്യക്തമാക്കി.
മറ്റന്നാള്‍ ഡിജിപി ഐജി എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം ശേഖരിച്ച തെളിവുകള്‍ വിലയിരുത്തും. ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ഉതകുന്ന തെളിവുകള്‍ ഉണ്ടെന്ന് വ്യക്തമായാല്‍ ബിഷപ്പിനെ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.