പ്രശസ്ത കവി ചെമ്മനം ചാക്കോ അന്തരിച്ചു
കാക്കനാട് പടമുകളിലെ ചെമ്മനം വീട്ടിൽ ചൊവ്വാഴ്ച അർധരാത്രിയോടെയാണ് മരണം
ആക്ഷേപഹാസ്യ കവിതകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ കവി ചെമ്മനം ചാക്കോ അന്തരിച്ചു. 93 വയസായിരുന്നു.
വാർദ്ധക്യസഹജമായ അസുഖ അസുഖത്തെ തുടർന്ന് കൊച്ചി പടമുകളിലെ വീട്ടിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.
1926 മാർച്ച് 7ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ മുളക്കുളം ഗ്രാമത്തിലാണ് ചെമ്മനം ചാക്കോയുടെ ജനനം. പിറവം സെന്റ് ജോസഫ്സ് ഹൈസ‌്‌കൂൾ, ആലുവ യു.സി കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ചാക്കോ മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്സ് ബിരുദം നേടി.തുടർന്ന് പിറവം സെന്റ്. ജോസഫ്സ് ഹൈസ്‌കൂൾ, പാളയംകോട്ട സെന്റ് ജോൺസ് കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, കേരള സർവകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി ചെയ്തു.
1940കളിലാണ് ചെമ്മനം ചാക്കോ'സജീവ സാഹിത്യ ജീവിതത്തിന് തുടക്കം കുറിച്ചത്. 1946ൽ ആദ്യമായി'പ്രവചനം 'എന്ന കവിത ചക്രവാളം മാസികയിൽ പ്രസിദ്ധീകരിച്ചു. തുടർന്ന് 47ൽ വിളംബരം എന്ന കവിതാസമാഹാരം പുറത്തിറക്കി. 1965ൽ പ്രസിദ്ധീകരിച്ച 'ഉൾപ്പാർട്ടി യുദ്ധം' എന്ന കവിതയിലുടെയാണ് ചെമ്മനം ചാക്കോ വിമർശഹാസ്യത്തിലേക്ക് തിരിഞ്ഞത്. 1967ൽ കനകാക്ഷരങ്ങൾ എന്ന വിമർശ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. ഇരുപത്തിരണ്ടോളം കവിതാഗ്രന്ഥങ്ങളും ബാലസാഹിത്യ കവിതകളും കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഇതോടൊപ്പം വിമർശനഹാസ്യ ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്ന് കവിതാ പുരസ്കാരം ഹാസ്യസാഹിത്യ അവാർഡ്, മഹാകവി ഉള്ളൂർ കവിതാ അവാർഡ്,
സഞ്ജയൻ പുസ്കാരം, കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.