കാലവർഷം തകര്‍ത്ത് പെയ്തപ്പോള്‍ കുട്ടനാടൻ മേഖലയില്‍ കർഷകർക്ക് ബാക്കിയായത് നഷ്ടങ്ങള്‍ മാത്രം

അപ്പര്‍ കുട്ടനാട് മുതല്‍ തോട്ടപ്പള്ളി വരെയുള്ള ഭാഗങ്ങളില്‍ കേള്‍ക്കാനുള്ളത് കര്‍ഷകരുടെ കണ്ണീര്‍ക്കഥകള്‍ മാത്രം

Update: 2018-08-15 08:04 GMT
Advertising

ദുരിതം വിതച്ച് കാലവർഷം തകര്‍ത്ത് പെയ്തപ്പോള്‍ കുട്ടനാടൻ മേഖലയില്‍ കർഷകർക്ക് ബാക്കിയായത് ഒരിക്കലും നികത്താനാകാത്ത നഷ്ടങ്ങളാണ്. അപ്പര്‍ കുട്ടനാട് മുതല്‍ തോട്ടപ്പള്ളി വരെയുള്ള ഭാഗങ്ങളില്‍ കേള്‍ക്കാനുള്ളത് കര്‍ഷകരുടെ കണ്ണീര്‍ക്കഥകള്‍ മാത്രം. ചെങ്ങന്നൂർ പാണ്ടനാട് പഞ്ചായത്തില്‍ യുവ കർഷകനായ ഷൈൻ കാടുവെട്ടൂരിന് നഷ്ടമായത് വിളവെടുക്കാറായ 1500 ലധികം വാഴകളും അന്‍പതിനായിരത്തിലധികം മത്സ്യങ്ങളുമാണ്.

Full View

ചെറുപ്രായത്തില്‍ തന്നെ കൃഷിയിടത്തിലേക്കിറങ്ങി മറ്റു കര്‍ഷകര്‍ക്കു പോലും മാതൃകയാക്കാവുന്ന രീതിയില്‍ സ്വന്തം കൃഷിയിടം വികസിപ്പിച്ചെടുത്ത ഷൈൻ കാടുവെട്ടൂരിന് കൃഷി വെറും നേരം പോക്കല്ല. ജീവിതം തന്നെയാണ്. രണ്ടര ഏക്കർ വരുന്ന ഷൈനിന്റ കൃഷിഭൂമിയിൽ ഇല്ലാത്ത വിളകൾ ചുരുക്കമാണ്. വിവിധ ഇനങ്ങളില്‍പ്പെട്ട 1500 ലധികം വാഴകൾ, കൃഷി ഭൂമിയിൽ തയ്യാറാക്കിയിരിക്കുന്ന മത്സ്യക്കുളത്തില്‍ വിവിധ ഇനത്തില്‍പ്പെട്ട മത്സ്യങ്ങള്‍, ഇടവിളകളായി മറ്റ് നിരവധി വിളകള്‍. എന്നാൽ കാലവർഷം എല്ലാ പരിധിയും ലംഘിച്ച് പെയ്തിറങ്ങിയപ്പോള്‍ ഈ വിളകളും അതിനൊപ്പം ഷൈൻ കണ്ട സ്വപ്നങ്ങളും എല്ലാം തകര്‍ന്നടിഞ്ഞു. ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ഇറക്കിയ 1500 ഓളം വാഴകള്‍ വെള്ളം കയറി നശിച്ചു. വളര്‍ച്ചയെത്തിയ മത്സ്യങ്ങളും വെള്ളപൊക്കത്തിൽ ഒഴുകിപ്പോയി. ഇട വിളകൾ പൂർണ്ണമായി നശിച്ചു. 7 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി ഷൈന്‍ പറഞ്ഞു.

കൃഷിയില്‍ ഇത്രമാത്രം വൈവിധ്യവത്കരണം നടപ്പാക്കിയ ആരും പരിസര പ്രദേശങ്ങളിലില്ലെന്ന് അധികൃതര്‍ പോലും സാക്ഷ്യപ്പെടുത്തിയിരുന്നു. പക്ഷേ വെള്ളപ്പൊക്കം എല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കി.

Tags:    

Similar News