പ്രളയക്കെടുതി: കൂടുതല്‍ ധനസഹായമുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍
600 കോടി രൂപ അടിയന്തര സഹായം മാത്രമാണ്
പ്രളയക്കെടുതി നേരിടാന്‍ കൂടുതല്‍ ധനസഹായമുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. 600 കോടി രൂപ അടിയന്തര സഹായം മാത്രമാണെന്നും വിശദമായ അവലോകനത്തിന് ശേഷമാകും സഹായം കൈമാറുകയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
അടിയന്തരസഹായമായ 600 കോടിക്ക് പുറമെ നേരത്തെ തന്നെ സംസ്ഥാന ദുരന്തനിവാരണ നിധിയില്‍ കേന്ദ്രവിഹിതമായ 562.45 കോടി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും വേണ്ടിയാണ് ഇത്. സംസ്ഥാനം സന്ദര്‍ശിക്കുന്ന കേന്ദ്ര സംഘത്തിന്റെ ശിപാര്‍ശ ഉന്നത തല സമിതി അംഗീകരിച്ചാലാണ് സംസ്ഥാനത്തിന് കൂടുതല്‍ ധനസഹായം ലഭിക്കുക. ജൂലൈയിലെ പ്രളയം കേന്ദ്രസംഘം വിലയിരുത്തിയെങ്കിലും രണ്ടാം ഘട്ട പ്രളയമുണ്ടായതോടെ വീണ്ടും കേന്ദ്രസംഘത്തിന്റെ വിലയിരുത്തല്‍ ആവശ്യമായി വന്നിട്ടുണ്ട്.
വലിയ തോതില്‍ ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങി അവശ്യസാധനങ്ങള്‍ ഇതിനകം കേരളത്തില്‍ എത്തിച്ചിട്ടുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ പെടുത്തി കൂടുതല്‍ സഹായം ലഭ്യമാക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ നടപടിയെടുത്തിട്ടുണ്ട്. പ്രളയക്കെടുതിയിലായ കേരളത്തിനുള്ള കേന്ദ്ര സഹായം അപര്യാപ്തമാണെന്ന വിമര്‍ശങ്ങള്‍ക്കിടെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.