ദുരന്തനിവാരണ ശില്‍പശാല സംഘടിപ്പിച്ച് ആക്ട്ട് ഒാണ്‍

ദുരന്ത മുഖങ്ങളില്‍ സേവനത്തിന് താത്പര്യമുള്ളവരെ ഏകോപിപ്പിച്ച് അവര്‍ക്ക് പ്രത്യേക പരിശീലനം നല്കി ദുരന്ത നിവാരണ സേന ജില്ലയിലുണ്ടാക്കാനുള്ള ശ്രമമാണ് ആക്ട് ഓണ്‍ ലക്ഷ്യമാക്കുന്നത്

Update: 2018-08-27 05:38 GMT
Advertising

കേരളം കണ്ട വലിയ ദുരന്തങ്ങളുടെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയില്‍ രൂപകൊണ്ട ആക്ട് ഓണ്‍ എന്ന ദുരന്തനിവാരണസേനയുടെ നേതൃത്വത്തില്‍ ഏകദിന ദുരന്തനിവാരണ ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടവുമായി സഹകരിച്ചായിരുന്നു ശില്‍പശാല നടത്തിയത്. കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജില്‍ വെച്ച് ജില്ലാ കലക്ടര്‍ അമിത് മീണ ശില്‍പശാല ഉദ്ഘാടനം ചെയ്തു.

ദുരന്ത മുഖങ്ങളില്‍ സേവനത്തിന് താത്പര്യമുള്ളവരെ ഏകോപിപ്പിച്ച് അവര്‍ക്ക് പ്രത്യേക പരിശീലനം നല്കി ദുരന്ത നിവാരണ സേന ജില്ലയിലുണ്ടാക്കാനുള്ള ശ്രമമാണ് ആക്ട് ഓണ്‍ ലക്ഷ്യമാക്കുന്നത്. ഇതിന്റെ ഭാഗമായാണ് ശില്‍പശാല നടത്തിയത്. ജില്ലയിലെ ഒരുപറ്റം സേവന സന്നദ്ധര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ കൂടിച്ചേരലിലാണ് ഇത്തരം ഒരു സംവിധാനം ഉരുത്തിരിഞ്ഞത്. കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ശില്‍പശാല ഉദ്ഘാടനം ചെയ്ത് കലക്ടര്‍ അമിത് മീണ പറഞ്ഞു. ദുരന്തത്തില്‍ മരണപ്പെട്ടവയുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം വീതം വിതരണം ചെയ്തു കഴിഞ്ഞു. ഇത്രയും വേഗത്തില്‍ ധനസഹായം നല്‍കാന്‍ കഴിഞ്ഞത് കേരളത്തിന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Full View

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും ക്യാംപുകളില്‍ ഒരുക്കിയ സൗകര്യങ്ങളിലും കേരളം മാതൃകയായെന്ന് ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍ ഐ.പി.എസ് പറഞ്ഞു. ആക്റ്റ് ഓണിന്റെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി പുതിയ കേരളം സൃഷ്ട്ടിക്കാന്‍ കഴിയണം. ജനമൈത്രി പോലീസിന്റെ എല്ലാ സഹായവും ഇക്കാര്യത്തില്‍ ഉറപ്പുവരുത്തുമെന്നും എസ്.പി പറഞ്ഞു.

മഴക്കെടുതിയില്‍ തകര്‍ന്ന 300 വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ സഹായത്തോടൊപ്പം രണ്ട് ലക്ഷം രൂപ വീതം ആക്ട് ഓണ്‍ സന്നദ്ധ സംഘടന നല്‍കും. സംഘടന വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ തുക നല്‍കാമെന്ന സര്‍ക്കാരിലേക്കുള്ള സമ്മതപത്രം ചടങ്ങില്‍ ജില്ലാ കലക്ടര്‍ അമിത് മീണക്ക് ആക്ട് ഓണ്‍ ചെയര്‍മാന്‍ ഡോ: മുജീബ് റഹ്മാന്‍ കൈമാറി.

Tags:    

Similar News