അവശരായവര്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ നല്‍കാതിരിക്കാന്‍ ജീവിച്ചിരിക്കുന്നവര്‍ മരിച്ചതായി സർക്കാർ രേഖ
പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച വിവരം പലരും അറിഞ്ഞത്
അവശരായവര്‍ക്കുള്ള ക്ഷേമപെന്‍ഷന്‍ നല്‍കാതിരിക്കാന്‍ ജീവിച്ചിരിക്കുന്നവര്‍ മരിച്ചതായി സർക്കാർ രേഖയുണ്ടാക്കി. പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച വിവരം പലരും അറിഞ്ഞത്. വാഹനം വാങ്ങുന്നത് സ്വപ്നം പോലും കാണാത്ത ആളുകള്‍ക്ക് കാറുകളുണ്ടന്ന് പറഞ്ഞ് പെന്‍ഷനില്‍ നിന്ന് ഒഴിവാക്കി. സംസ്ഥാനത്ത് പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരുന്ന ആയിരക്കണക്കിനാളുകളെയാണ് ക്യത്യമായി കാരണം പറയാതെ പട്ടികയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്.
12 വര്‍ഷമായി വാര്‍ധക്യ പെന്‍ഷന്‍ വാങ്ങുന്നുണ്ട് ആയിഷ. 1100 രൂപയാണ് മാസം കിട്ടികൊണ്ടിരുന്നത്. കഴിഞ്ഞ മാസം അത് നിലച്ചു. പഞ്ചായത്ത് അംഗങ്ങള്‍ പഞ്ചായത്ത് ഡയറക്ടേറ്റില്‍ നിന്ന് വന്ന പെന്‍ഷനില്‍ നിന്ന് ഒഴിവാക്കിയവരുടെ പട്ടിക പരിശോധിച്ചപ്പോള്‍ ആയിഷ മാത്രമല്ല ജീവിച്ചിരിക്കുന്ന മറ്റ് പലരും മരിച്ചിട്ടുണ്ടന്ന് വ്യക്തമായി. സംസ്ഥാനത്തെ ഏതാണ്ടെല്ലാം പഞ്ചായത്തുകളിലും ഇതേ രീതിയില്‍ ജീവിച്ചിരിപ്പിക്കുന്നവരെ മരിപ്പിച്ചിട്ടുണ്ട്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് അന്വേഷിച്ചപ്പോള്‍ ക്യത്യമായ മറുപടി നല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
അര്‍ഹതയുള്ളവര്‍ പെന്‍ഷന്‍ പട്ടികയില്‍ നിന്ന് പുറത്തായത് അന്വേഷിക്കുമെന്ന് എ.സി മൊയ്തീന്‍
അര്‍ഹതയുള്ളവര്‍ പെന്‍ഷന്‍ പട്ടികയില്‍ നിന്ന് പുറത്തായത് അന്വേഷിക്കുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ. സി മൊയ്തീന്‍ പറഞ്ഞു. അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പെന്‍ഷന്‍ ലഭിക്കാന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.