ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനത്തില്‍ താത്കാലിക ഇളവ് തേടി കേരളം
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടില്‍ ചുരം തകര്‍ന്നതിനേത്തുടര്‍ന്നുണ്ടായ പ്രതിസന്ധി കോടതിയില്‍ ചൂണ്ടിക്കാട്ടും. രാത്രിയാത്രാനിരോധനം ദുരിതാശ്വാസസാമഗ്രികളുടെ വിതരണത്തെ ബാധിച്ച കാര്യവും
ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനത്തില്‍ താത്കാലിക ഇളവ് തേടി സുപ്രീം കോടതിയില്‍ ഉടന്‍ അടിയന്തര ഹര്‍ജി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സുപ്രീംകോടതിയുടെ നിര്‍ദേശമനുസരിച്ചാണ് സര്‍ക്കാര്‍ ഹരജി നല്‍കാനൊരുങ്ങുന്നത്. ഇതിനു വേണ്ട നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ മീഡിയാവണിനോട് പറഞ്ഞു.... മീഡിയാവണ്‍ എക്സ്ക്ലൂസീവ്...
ബന്ദിപ്പൂര്‍ രാത്രിയാത്രാനിരോധനത്തിന് ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് നീലഗിരി വയനാട് ദേശീയ പാതാ ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മറ്റിയാണ് സുപ്രീം കോടതിയില്‍ അടിയന്തര ഹരജി സമര്‍പ്പിച്ചത്. പ്രളയക്കെടുതിയിലുള്ള വയനാടിന് ദുരിതാശ്വാസ സാമഗ്രികള്‍ അടക്കം എത്തിക്കുന്നതിന് നിരോധനത്തില്‍ ഇളവ് വരുത്തണമെന്ന വാദവും മുന്നോട്ട് വെച്ചിരുന്നു. ഈ ഹരജി സര്‍ക്കാരിന്റെ ഹരജിയായി പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും പ്രത്യേക ഹരജി സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. ഈ സാഹചര്യത്തിലാണ് അടിയന്തര ഹരജി സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടില്‍ ചുരം തകര്‍ന്നതിനേത്തുടര്‍ന്നുണ്ടായ പ്രതിസന്ധി കോടതിയില്‍ ചൂണ്ടിക്കാട്ടും. രാത്രിയാത്രാ നിരോധനം ദുരിതാശ്വാസ സാമഗ്രികളുടെ വിതരണത്തെ ബാധിച്ച കാര്യവും സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കും. അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.