മലപ്പുറം പാണമ്പ്രയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച; ആളുകളെ ഒഴിപ്പിച്ചു
ഐ.ഒ.സിയുടെ ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിടുകയാണ്.
കോഴിക്കോട് -തൃശൂര്‍ ദേശീയ പാതയില്‍ തേഞ്ഞിപ്പലത്തിനടുത്ത് പാണമ്പ്രയിൽ പാചകവാതക ടാങ്കർ മറിഞ്ഞു . നേരിയ തോതിൽ വാതക ചോർച്ചയുള്ളതിനാൽ സമീപവാസികളെ ഒഴിപ്പിച്ചു. എല്‍.പി.ജി വാതകം മറ്റ് ടാങ്കറുകളിലേക്ക് മാറ്റുകയാണ്.
പുലർച്ചെ 3.30 നാണ് ചേളാരി ഐ.ഒ.സി പ്ലാൻറിലേക്ക് പാചകവാതകവുമായി വന്ന ടാങ്കർ ലോറി പാണമ്പ്ര വളവിൽ മറിഞ്ഞത്. ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന വിഭാഗത്തിന്റെ 7 യൂണിറ്റുകൾ ചേർന്ന് ചോർച്ച നിർവ്വീര്യമാക്കാനുള്ള ശ്രമം ആരംഭിച്ചു . അപകടമൊഴിവാക്കാനായി സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. വൈദ്യുത ബന്ധവും വിഛേദിച്ചിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്. ദേശീയപാതയിൽ കോഹിനൂറിൽ നിന്നും ചേളാരി പടിക്കലിൽ നിന്നും വാഹനങ്ങൾ വഴി തിരിച്ചു വിടുകയാണ്. മറ്റു ടാങ്കറുകളിലേക്ക് വാതകം മാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.പാണമ്പ്ര വളവിൽ ടാങ്കറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ മറിഞ്ഞുള്ള അപകടങ്ങൾ തുടർക്കഥയാണ്.