ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ ഇന്നും പ്രതിഷേധം: അറസ്റ്റുവരിച്ച് ബിജെപി പ്രവര്‍ത്തകര്‍

സമരക്കാര്‍ തമ്പടിച്ച കോട്ടയം, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രതിഷേധമുയര്‍ന്നു. നിലക്കലേക്കുള്ള പാത ഉപരോധിച്ചായിരുന്നു എരുമേലിയില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം.

Update: 2018-10-19 07:48 GMT
Advertising

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ഇന്നും പ്രതിഷേധം. പന്തളം, എരുമേലി, വടശ്ശേരിക്കര തുടങ്ങിയ സ്ഥലങ്ങളില്‍ സമരക്കാര്‍ റോഡ് ഉപരോധിച്ചു. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ബി.ജെ.പി നേതാക്കള്‍ പലയിടത്തും അറസ്റ്റിലായി. നിലക്കലും പമ്പയിലും ഇന്ന് കാര്യമായ പ്രതിഷേധമുണ്ടായില്ല. എന്നാല്‍ യുവതികള്‍ മല കയറി എത്തിയതോടെ സന്നിധാനത്ത് വന്‍ പ്രതിഷേധമുയര്‍ന്നു.

നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്ന നിലക്കലും പമ്പയിലും ഇന്ന് കാര്യമായ പ്രതിഷേധങ്ങളുണ്ടായില്ല. എന്നാല്‍ സമരക്കാര്‍ തമ്പടിച്ച കോട്ടയം, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രതിഷേധമുയര്‍ന്നു. പൊലീസ് സുരക്ഷയില്‍ യുവതികള്‍ മല കയറുന്നുവെന്ന വാര്‍ത്ത പരന്നതോടെ പ്രതിഷേധം അതിശക്തമായി. പത്തനംതിട്ട വടശ്ശേരിക്കരയില്‍ റോഡ് ഉപരോധിച്ച ശോഭ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവരെ പിന്നീട് വിട്ടയച്ചു.

നിലക്കലേക്കുള്ള പാത ഉപരോധിച്ചായിരുന്നു എരുമേലിയില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. എരുമേലി ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിന് മുന്നില്‍ ഉപരോധത്തിന് നേതൃത്വം നല്‍കിയ ബി. ഗോപാലകൃഷ്ണന്‍, കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍. ഹരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പന്തളത്ത് എം.സി റോഡില്‍ ആഴി കത്തിച്ചായിരുന്നു പ്രതിഷേധം. പന്തളം ട്രസ്റ്റി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിലക്കലിലും പമ്പയിലും വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.

Tags:    

Similar News